കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച മൂന്ന് പേരും ഇറാനില്‍ നിന്ന് നേരിട്ടല്ലാത്ത വിമാനങ്ങളില്‍ ബഹ്റൈനിലെത്തിയവരാണ്. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ ഇവരെ പ്രത്യേക ഐസോലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. 

മനാമ: ബഹ്റൈനില്‍ മൂന്ന് പേര്‍ക്ക് കൂടി കഴിഞ്ഞ ദിവസം രാത്രി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഒരു പുരുഷനും രണ്ട് സ്ത്രീകള്‍ക്കുമാണ് പുതിയതായി രോഗം സ്ഥീരകരിച്ചത്. മൂവരും ബഹ്റൈനി പൗരന്മാരാണ്. ഇതോടെ രാജ്യത്ത് ആകെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 41 ആയി.

കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച മൂന്ന് പേരും ഇറാനില്‍ നിന്ന് നേരിട്ടല്ലാത്ത വിമാനങ്ങളില്‍ ബഹ്റൈനിലെത്തിയവരാണ്. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ ഇവരെ പ്രത്യേക ഐസോലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും പ്രത്യേക മെഡിക്കല്‍ സംഘം ഇവര്‍ക്ക് ചികിത്സ നല്‍കുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ഇറാനില്‍ നിന്ന് ഫെബ്രുവരി മാസത്തില്‍ മടങ്ങിയെത്തിയ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കാനായി മൊബൈല്‍ ടെസ്റ്റിങ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി. താമസ സ്ഥലങ്ങളിലെത്തിയാണ് ഓരോരുത്തരെയും പരിശോധിക്കുന്നത്. രാജ്യത്തെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ അറിയിച്ചു. പരിശോധനാ ഫലത്തില്‍ കൊറോണ കണ്ടെത്താത്തവരോടും 14 ദിവസം വീട്ടില്‍ തന്നെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെടുന്നുണ്ട്.

ഫെബ്രുവരി മാസത്തില്‍ ഇറാന്‍ സന്ദര്‍ശിച്ച ബഹ്റൈനി പൗരന്മാരും പ്രവാസികളും മറ്റുള്ളവരില്‍ നിന്ന് അകന്ന് കഴിയുകയും 444 എന്ന നമ്പറില്‍ വിളിച്ച് ആരോഗ്യ പരിശോധനയ്ക്കുള്ള സമയം ക്രമീകരിക്കുകയും വേണം. കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് ബഹ്റൈനിലെത്തിയ എല്ലാവരെയും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.