പൊലീസെന്ന വ്യാജേന തട്ടിപ്പ് സംഘം ഓഫീസിലെത്തിയപ്പോള്‍ അഞ്ച് ജീവനക്കാര്‍ ഇവിടെയുണ്ടായിരുന്നു. പൊലീസ് വേഷത്തിലെത്തിയവര്‍ വന്ന ഉടന്‍ തന്നെ പരിശോധന നടത്തുന്നയായി ഭാവിച്ചു. ഒടുവില്‍ ഒരു അലമാര കണ്ടെത്തുകയും അത് തുറക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുകയും ചെയ്‍തു.

ദുബൈ: പൊലീസ് വേഷത്തിലെത്തി ദുബൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് പണം കവര്‍ന്ന സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. ദേരയിലുള്ള ഒരു കമ്പനി ആസ്ഥാനത്തായിരുന്നു പൊലീസ് യൂണിഫോം ധരിച്ച മൂന്ന് പേരെത്തി മോഷണം നടത്തിയത്. ഇതിന് സ്ഥാപനത്തിലെ രണ്ട് ജീവനക്കാരുടെ സഹായവും ഇവര്‍ക്ക് ലഭിച്ചുവെന്ന് പൊലീസ് കണ്ടെത്തി.

പൊലീസെന്ന വ്യാജേന തട്ടിപ്പ് സംഘം ഓഫീസിലെത്തിയപ്പോള്‍ അഞ്ച് ജീവനക്കാര്‍ ഇവിടെയുണ്ടായിരുന്നു. പൊലീസ് വേഷത്തിലെത്തിയവര്‍ വന്ന ഉടന്‍ തന്നെ പരിശോധന നടത്തുന്നയായി ഭാവിച്ചു. ഒടുവില്‍ ഒരു അലമാര കണ്ടെത്തുകയും അത് തുറക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുകയും ചെയ്‍തു. ഇതില്‍ നിന്നാണ് 2,53,500 ദിര്‍ഹം അപഹരിച്ചത്. ജീവനക്കാരെയെല്ലാം അകത്ത് പൂട്ടിയിട്ട ശേഷമാണ് സംഘം പുറത്തിറങ്ങി രക്ഷപ്പെട്ടത്.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദുബൈ പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 72 മണിക്കൂറിനിടെ പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

പിടിയിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു. ഒരു ജീവനക്കാരനെ മര്‍ദിച്ച് പണം കൈക്കലാക്കിയ കാര്യം ഇവര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. മോഷണം നടന്ന കമ്പനിയിലെ രണ്ട് ഉദ്യോഗസ്ഥരും തട്ടിപ്പിന് സഹായം ചെയ്‍തുകൊടുത്തതായും സംഭവ സമയത്ത് ഓഫീസിലുണ്ടായിരുന്ന ഇവര്‍ ഒന്നുമറിയാത്ത പോലെ ഭാവിക്കുകയുമായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.