അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വിവിധ രാജ്യക്കാരായ മൂന്ന് പ്രവാസികള്‍ കൂടി മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 25 ആയതായും വക്താവ് ഡോ. ഫരീദ അല്‍ ഹുസൈനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

398 പേര്‍ക്ക് കൂടി തിങ്കളാഴ്ച കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4521 ആയി. കഴിഞ്ഞ ദിവസം 172 പേര്‍ക്കാണ് രോഗം ഭേദമായത്. ആകെ 852 പേര്‍ക്ക് രാജ്യത്ത് ഇതുവരെ കൊവിഡ് 19 വൈറസ് ബാധ ഭേദമായിട്ടുണ്ട്. തിങ്കളാഴ്ച മാത്രം രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 23,380 പേരുടെ സ്രവങ്ങള്‍ പരിശോധിച്ചു.

ഭിന്നശേഷിക്കാരായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആവശ്യമുണ്ടെങ്കില്‍ അവരുടെ വീടുകളിലെത്തി കൊവിഡ് പരിശോധ നടത്തുന്നതിനുള്ള ദേശീയ പദ്ധതിക്ക് കഴിഞ്ഞ ദിവസം അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ തുടക്കം കുറിച്ചിരുന്നു. രോഗവ്യാപനത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും അല്‍ ഹുസൈനി പറഞ്ഞു.