മസ്‍കത്ത്: വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഇന്ന് ഒമാനില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തും. സലാലയിൽ നിന്നും യാത്രക്കാരുമായുള്ള ആദ്യവിമാനം ഇന്ന് കോഴിക്കോട്ടേക്ക് പറക്കും. എയർ ഇന്ത്യ എക്സ്പ്രസ്സ് ഐ.എക്സ് 342 വിമാനമാണ് ഒമാൻ സമയം വൈകുന്നേരം 03:25ന് സലാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുക.

ഇതിനുപുറമെ ഐ.എക്സ് 818 വിമാനം ഒമാൻ സമയം 01:15ന് ബംഗളുരുവിലേക്കും ഐ.എക്സ് 714 വിമാനം 03:15ന് കണ്ണൂരിലേക്കും മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടുമെന്നു ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. ഇതിനോടകം നാല് വിമാനങ്ങളിലായി 18 കുട്ടികൾ ഉൾപ്പടെ 729 പേർക്കാണ് നാട്ടിലേക്ക് മടങ്ങിയത്. വന്ദേഭാരത് രണ്ടാം ഘട്ടത്തിൽ 11 വിമാന  സർവീസുകളാണ് ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് അനുവദിച്ചിരിക്കുന്നത്.