സഹോദരങ്ങള്‍ സ്കൂളില്‍ പോയിരുന്ന സമയത്ത് മൂന്ന് വയസുകാരി ഒറ്റയ്ക്ക് കളിക്കുന്നതിനിടെയായിരുന്നു അപകടം. സോഫ്റ്റ്‍വെയര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പിതാവും ഈ സമയം വീട്ടിലുണ്ടായിരുന്നു. 

ദുബായ്: കളിക്കുന്നതിനിടെ മൂന്ന് വയസുകാരി സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചു. മാള്‍ ഓഫ് എമിറേറ്റ്സിന് സമീപമുള്ള അല്‍ ബര്‍ഷ റെസിഡന്‍ഷ്യല്‍ ഏരിയയിലായിരുന്നു സംഭവം. വിദേശ ദമ്പതികളുടെ മകളാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സഹോദരങ്ങള്‍ സ്കൂളില്‍ പോയിരുന്ന സമയത്ത് മൂന്ന് വയസുകാരി ഒറ്റയ്ക്ക് കളിക്കുന്നതിനിടെയായിരുന്നു അപകടം. സോഫ്റ്റ്‍വെയര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പിതാവും ഈ സമയം വീട്ടിലുണ്ടായിരുന്നു. കുട്ടി ജോലിക്കാരിയുടെ ഒപ്പമുണ്ടാകുമെന്നാണ് പിതാവ് കരുതിയിരുന്നത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് വീട്ടിനുള്ളില്‍ കുട്ടി ഇല്ലെന്ന് മനസിലായത്.

ഇതോടെ പുറത്ത് തെരച്ചില്‍ നടത്തി. ഇതിനിടെയാണ് സ്വിമ്മിങ് പൂളില്‍ ചലനമറ്റ നിലയില്‍ കുട്ടിയുടെ ശരീരം കണ്ടെത്തിയത്. ഉടന്‍ തന്നെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുന്‍പ് തന്നെ മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ഫോറന്‍സിക് മെഡിസിന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.