ദുബൈ: മൂന്ന് വയസുകാരനെ പീഡിപ്പിച്ച കുറ്റത്തിന് ഡ്രൈവര്‍ക്കെതിരെ യുഎഇ കോടതിയില്‍ നടപടി തുടങ്ങി. വിദേശിയായ ഫാമിലി ഡ്രൈവറുടെ പീഡനത്തിനിരയായ ശേഷം മാനസിക നില താളം തെറ്റിയ കുട്ടി തനിക്ക് മരിക്കണമെന്ന് ആവശ്യപ്പെട്ടതായി അമ്മ പൊലീസിന് മൊഴി നല്‍കി. താന്‍ പീഡനത്തിനിരയായ ലിവിങ് റൂമിലെ കസേരയെ പോലും തനിക്ക് ഇഷ്‍ടമല്ലെന്നും കുട്ടി പറഞ്ഞു.

വീട്ടില്‍ തന്നെ താമസിച്ചിരുന്ന 57 വയസുകാരനായ ഡ്രൈവറാണ് ആണ്‍ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. വീട്ടിലെ മറ്റാരുടെയും ശ്രദ്ധയില്‍ പെടാത്തപ്പോഴായിരുന്നു പീഡനം. അല്‍ ബര്‍ഷ പൊലീസ് സ്റ്റേഷനില്‍ കുട്ടിയുടെ അമ്മ പരാതി നല്‍കിയതോടെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പരാതിയുമായി കുട്ടിയുടെ അമ്മ കരഞ്ഞുകൊണ്ടാണ് പൊലീസ് സ്റ്റേഷനിലെത്തിയതെന്ന് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി. വീട്ടിലെ ജോലിക്കാരിയുടെ ഭര്‍ത്താവ് കൂടിയാണ് പ്രതി. സമീപത്തുള്ള ഏതാനും കുട്ടികളെ നഴ്‍സറിയില്‍ കൊണ്ടാക്കുന്നത് ഇയാളായിരുന്നു. അതുകൊണ്ട് തന്റെ മകനെയും നഴ്‍സറിയിലാക്കാന്‍ അമ്മ പ്രതിയെ ഏല്‍പ്പിച്ചു.

പരാതി നല്‍കിയതിന് ഏകദേശം ഒഴാഴ്‍ച മുമ്പാണ് അയല്‍വാസികളില്‍ നിന്ന് ഇയാള്‍ അവരുടെ മക്കളെ ശല്യം ചെയ്‍തതായുള്ള വിവരങ്ങള്‍ അറിഞ്ഞത്. ഇതോടെ കുട്ടിയെ അയാള്‍ക്കൊപ്പം നഴ്‍സറിയില്‍ വിടുന്നത് നിര്‍ത്തി. തുടര്‍ന്ന് ഒരാഴ്ച കുട്ടിയെ നിരീക്ഷിച്ച് അവന്‍ പീഡനത്തിനിരയായോ അന്ന് കണ്ടെത്താനുള്ള ശ്രമമായിരുന്നുവെന്ന് യുവതി പറഞ്ഞു.

ഒടുവില്‍ നിഷ്‍കളങ്കമായി കുട്ടി കാര്യങ്ങള്‍ തുറന്നുപറഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. ലിവിങ് റൂമിലെ സോഫയില്‍ വെച്ചായിരുന്നു പീഡനം. ഡ്രൈവറെ തനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞ കുട്ടി, അയാള്‍ ചെയ്‍തതൊക്കെയും അമ്മയോട് വിവരിച്ചു. ഇതോടെയാണ് ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനിലെത്തി അമ്മ കേസ് ഫയല്‍ ചെയ്‍തത്. പ്രതിക്ക് നേരത്തെയും മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.