Asianet News MalayalamAsianet News Malayalam

ചെക്ക് കേസില്‍ തുഷാറിന്റെ വാദങ്ങള്‍ പൊളിയുന്നു; അഭിഭാഷകന് വക്കാലത്ത് നല്‍കി നാട്ടിലക്ക് മടങ്ങാന്‍ നീക്കം

അഭിഭാഷകന് വക്കാലത്ത് കൊടുത്തുകൊണ്ട് യുഎഇ സ്വദേശിയുടെ പാസ്‍പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും തുഷാര്‍ ശ്രമിക്കുന്നതായാണ് വിവരം. അങ്ങനെയാകുമ്പോള്‍ യാത്രാവിലക്ക് മാറ്റി അദ്ദേഹത്തിന് കേരളത്തിലേക്ക് പോകാന്‍ സാധിക്കും. പിന്നീട് കോടതി കേസ് പരിഗണിക്കുമ്പോള്‍ ഹാജരായാല്‍ മതിയാവും.

thushar tries to lift his travel ban in UAE
Author
Ajman - United Arab Emirates, First Published Aug 26, 2019, 6:43 PM IST

അജ്മാന്‍: വണ്ടിചെക്ക് കേസില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ വാദം പൊളിയുന്നു. ചെക്ക് മോഷണം പോയതെങ്കില്‍ എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്ന് പ്രോസിക്യൂഷന്‍ ആരാഞ്ഞു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രോസിക്യൂട്ടറുടെ മധ്യസ്ഥതയില്‍ നടന്ന ശ്രമവും പരാജയപ്പെട്ടു.

അജ്മാന്‍ കോടതി ഇന്ന് വീണ്ടും കേസ് പരിഗണിച്ചപ്പോള്‍ തന്റെ ചെക്ക് നാസില്‍ മോഷ്ടിച്ചതാണെന്ന നിലപാടില്‍ തുഷാര്‍ ഉറച്ചുനിന്നു. എന്നാല്‍ മോഷണസമയത്ത് എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ തുഷാറിന് കഴിഞ്ഞില്ല. ചെക്ക് മോഷണംപോയതിനുള്ള പരാതി ലഭിക്കാത്ത സാഹചര്യത്തില്‍ ആ വാദം നിലനില്‍ക്കില്ലെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. അതേസമയം പ്രോസിക്യൂഷന്റെ മധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയും ഫലം കണ്ടില്ല. നാസില്‍ ആവശ്യപ്പെട്ട തുക അംഗീകരിക്കാന്‍ തുഷാര്‍ തയ്യാറായില്ല. 

തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട ബിസിനസ് ഇടപാടിന്റെ കൂടുതല്‍ രേഖകള്‍ പരാതിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചു. രണ്ടുദിവസം കഴിഞ്ഞ് വീണ്ടും കേസ് പരിഗണിക്കുമെന്നറിയിച്ച പ്രോസിക്യൂഷന്‍ ഇന്നത്തെ വാദം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം അഭിഭാഷകന് വക്കാലത്ത് കൊടുത്തുകൊണ്ട് യുഎഇ സ്വദേശിയുടെ പാസ്‍പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും തുഷാര്‍ ശ്രമിക്കുന്നതായാണ് വിവരം. അങ്ങനെയാകുമ്പോള്‍ യാത്രാവിലക്ക് മാറ്റി അദ്ദേഹത്തിന് കേരളത്തിലേക്ക് പോകാന്‍ സാധിക്കും. പിന്നീട് കോടതി കേസ് പരിഗണിക്കുമ്പോള്‍ ഹാജരായാല്‍ മതിയാവും. കൊടുക്കാനില്ലാത്ത കാശ് എന്തിനു നല്‍കണമെന്ന നിലപാടില്‍ തുഷാറും, നഷ്ടമായ തുക ലഭിക്കാതെ പരാതി പിന്‍വലിക്കില്ലെന്ന നിലപാടില്‍ നാസിലും ഉറച്ചു നില്‍ക്കുന്നതോടെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍  നീണ്ടുപോകാനാണ് സാധ്യത.

Follow Us:
Download App:
  • android
  • ios