ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് സന്ദര്‍ശന വിസാ വിലക്കില്ല. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുറത്ത് കടക്കാനാകുന്നത്. 

റിയാദ്: ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തുന്നു. വിവിധ വിമാന കമ്പനികളില്‍ ശനിയാഴ്ച സന്ദര്‍ശന വിസകളിലുള്ളവര്‍ സൗദിയിലെത്തിയിട്ടുണ്ട്. കര്‍ശന പരിശോധനക്ക് ശേഷമാണ് ഇവരെ രാജ്യത്ത് പ്രവേശിപ്പിക്കുന്നത്. വരുംദിനങ്ങളിലും വിമാന സര്‍വീസുകളില്‍ നിയന്ത്രണവും ക്രമീകരണങ്ങളും തുടരുമെന്നാണ് സൂചന. 

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് സന്ദര്‍ശന വിസാ വിലക്കില്ല. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുറത്ത് കടക്കാനാകുന്നത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളാണ് കാരണം.

ഇതിന് പിന്നാലെ കരിപ്പൂരില്‍ നിന്നടക്കം സന്ദർശന വിസാ യാത്രക്കാരെ വിമാനക്കമ്പനികള്‍ മടക്കിയിരുന്നു. സൗദി എയര്‍ലൈന്‍സ് ഉള്‍പ്പെടെ വിവിധ വിമാനക്കമ്പനികള്‍ പുതിയ സാഹചര്യത്തില്‍ സര്‍വീസുകളുടെ സമയം മാറ്റുന്നുണ്ട്. ഈ സാഹചര്യത്തില്‍‌ യാത്രക്കാര്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തിടങ്ങളിലോ വിമാന കമ്പനികളുടെ കസ്റ്റമര്‍ സര്‍വീസിലോ വിളിച്ച് യാത്രാസമയം ഉറപ്പു വരുത്തണം. കൊറോണ ബാധിച്ച രാജ്യങ്ങള്‍ വഴിയുള്ള കണക്ഷന്‍ വിമാനങ്ങളും സമയങ്ങളില്‍ മാറ്റം വരുത്തുന്നുണ്ട്.