അബുദാബി: അനധികൃത താമസക്കാര്‍ക്ക് പിഴയോ മറ്റ് ശിക്ഷകളോ ഇല്ലാതെ രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യാനുള്ള സമയപരിധി വരുന്ന ബുധനാഴ്ച അവസാനിക്കും. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് കാലാവധി ഒരു കാരണവശാലും ദീര്‍ഘിപ്പിക്കുകയില്ലെന്ന് അധികൃതര്‍ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്.

പൊതുമാപ്പ് പൂര്‍ത്തിയാവുന്നതോടെ അനധികൃത താമസക്കാരെ കണ്ടെത്താന്‍ ശക്തമായ പരിശോധന ആരംഭിക്കുമെന്ന് താമസകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. പിടിക്കപ്പെടുന്നവര്‍ക്ക് ജയില്‍ ശിക്ഷയും കടുത്ത പിഴയും നാടുകടത്തലും ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കും. പൊതുമാപ്പിന്റെ പ്രയോജനം ഇതുവരെ ഉപയോഗപ്പെടുത്താതെ രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ ബാക്കിയുള്ള ഏതാനും ദിവസങ്ങള്‍ക്കകം ആനുകൂല്യം ഉപയോഗിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

പുതിയ തൊഴില്‍ ലഭിച്ചവര്‍ക്ക് താമസം നിയമവിധേയമാക്കാം. ജോലിയില്ലാതെ നില്‍ക്കുന്നവര്‍ക്ക് മറ്റ് ശിക്ഷകളൊന്നും അനുഭവിക്കാതെ രാജ്യം വിടാം. യുഎഇയില്‍ തന്നെ തുടര്‍ന്ന് ജോലി അന്വേഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതിനായി ആറ് മാസത്തെ കാലാവധിയുള്ള താല്‍ക്കാലിക വിസ അനുവദിക്കും. നിയമവിരുദ്ധമായി തങ്ങുന്നവരെ ജോലിക്ക് വെച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.