നിരവധി ആനുകൂല്യങ്ങളും ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വേതന സഹായം രണ്ട് വര്‍ഷത്തേക്ക് നീട്ടുന്നതും ഇതില്‍പ്പെടുന്നു.

റിയാദ്: സൗദി അറേബ്യയില്‍ 2021 അവസാനത്തോടെ സ്വദേശികള്‍ക്ക് ഒരു ലക്ഷം തൊഴില്‍ അവസരങ്ങള്‍ നല്‍കാനുള്ള ക്യാമ്പയിന്‍ ആരംഭിച്ചു. 'നിങ്ങളുടെ ഭാവി ടൂറിസത്തില്‍' എന്ന തലക്കെട്ടോടെയാണ് ടൂറിസം മന്ത്രാലയം ക്യാമ്പയില്‍ തുടങ്ങിയത്. 2030 അവസാനത്തോടെ പത്തുലക്ഷം തൊഴില്‍ അവസരങ്ങളാണ് ടൂറിസം മന്ത്രാലയം ലക്ഷ്യമാക്കുന്നത്.

ടൂറിസം മേഖലയില്‍ മാനവ വിഭവശേഷി വര്‍ധിപ്പിക്കുക, വിവിധ ട്രെയിനിങ് പരിപാടികളിലൂടെ സ്വദേശി പുരുഷന്‍മാരുടെയും സ്ത്രീകളുടെയും കഴിവുകള്‍ വികസിപ്പിക്കുക, ഉചിതമായ തൊഴില്‍ നേടുന്നതിന് സഹായിക്കുന്ന തൊഴില്‍ നൈപുണ്യം നല്‍കുക എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടും. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം, മാനവ വിഭവശേഷി ഫണ്ട് 'ഹദഫ്', തൊഴില്‍ സാങ്കേതിക പരിശീലന സ്ഥാപനം, സ്വകാര്യ മേഖലയിലെ നിരവധി കമ്പനികള്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. നിരവധി ആനുകൂല്യങ്ങളും ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വേതന സഹായം രണ്ട് വര്‍ഷത്തേക്ക് നീട്ടുന്നതും ഇതില്‍പ്പെടുന്നു. ടൂറിസം മേഖലയില്‍ മാനവ വിഭവശേഷി വര്‍ധിപ്പിക്കാനുള്ള പദ്ധതി കഴിഞ്ഞ ഒക്ടോബറിലാണ് മന്ത്രാലയം ആരംഭിച്ചത്.