മസ്കത്ത്: രാജ്യത്ത് കഴിയുന്ന ടൂറിസ്റ്റുകള്‍ എത്രയും വേഗം തങ്ങളുടെ മാതൃരാജ്യങ്ങളിലേക്ക് മടങ്ങിപ്പോകണമെന്ന് ഒമാന്‍ ടൂറിസം മന്ത്രാലയം. കൊവിഡ് 19 വൈറസ് ബാധയേല്‍ക്കാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ഇത്തരമൊരും നിര്‍ദേശം നല്‍കുന്നതെന്നും അധികൃതര്‍ അറിയിച്ചു. ഒമാനിലെ ബസ്, ഫെറി സര്‍വീസുകള്‍ ഗതാഗത മന്ത്രാലയം താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍ എന്നിവ വഴി രാജ്യത്തെത്തിയ ടൂറിസ്റ്റുകള്‍, കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ലോകത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അവരവരുടെ രാജ്യത്തേക്ക് മടങ്ങണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതുകൊണ്ടുതന്നെ സുരക്ഷിതമായി മടങ്ങിപ്പോകണം. സാഹചര്യം അനുകൂലമാവുമ്പോള്‍ അവരെ വീണ്ടും രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായും ഒമാന്‍ ടൂറിസം മന്ത്രാലയം അറിയിച്ചു.