ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് അലി അൽ ഖായിദാണ് തിരിച്ചറിയൽ കാർഡുകൾ സമ്മാനിച്ചത്
മനാമ: ബഹ്റൈനിൽ പുറത്തിറക്കിയ പുതിയ സ്മാർട്ട് തിരിച്ചറിയൽ കാർഡ് (സിപിആർ) ഉപ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ സ്വീകരിച്ചു. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് അലി അൽ ഖായിദാണ് തിരിച്ചറിയൽ കാർഡുകൾ സമ്മാനിച്ചത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി രാജ്യത്തെ അടിസ്ഥാന സേവനങ്ങളെല്ലാം ഡിജിറ്റൽവത്കരിക്കുന്നതിനുള്ള ഭരണാധികാരികളുടെ പ്രതിബന്ധത ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല കൂടിക്കാഴ്ചയിൽ എടുത്തുപറഞ്ഞു.
വാണിജ്യ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിന്റെയും രാജ്യത്തെ പൗരന്മാർക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ സ്മാർട്ട് കാർഡുകൾ കൊണ്ടുവരുന്നത്. ആധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ് പുതിയ സ്മാർട്ട് തിരിച്ചറിയൽ കാർഡുകൾ. ട്രാവൽ ആപ്ലിക്കേഷൻ റെഡി ചിപ്പുകൾ കാർഡുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസെഷന്റെ ആഗോള മാനദണ്ഡങ്ങൾ അനുസരിച്ച് അന്താരാഷ്ട്ര യാത്രാരേഖയായി ഈ കാർഡുകൾ ഉപയോഗിക്കാൻ കഴിയും. തിരിച്ചറിയൽ കാർഡുകളിൽ ട്രാവൽ ആപ്ലിക്കേഷൻ റെഡി ചിപ്പുകൾ അവതരിപ്പിക്കുന്ന ആദ്യ ജിസിസി രാജ്യമാണ് ബഹ്റൈൻ. കഴിഞ്ഞ ദിവസം ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയാണ് പുതിയ സ്മാർട്ട് കാർഡുകൾ പുറത്തിറക്കിയത്.
