ദുബായ്: യാത്രക്കാരുടെ പാസ്‍പോര്‍ട്ടുകള്‍ പരിശോധിക്കാതെ വെറും 15 സെക്കന്റുകള്‍ കൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിക്ക് ദുബായ് വിമാനത്താവളത്തില്‍ തുടക്കമായി. പരീക്ഷണാടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലിലാണ് ഇപ്പോള്‍ ഈ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആര്‍.എഫ്.എ) അറിയിച്ചു.

ആദ്യഘട്ടത്തില്‍ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കാണ് ഈ സംവിധാനം ഉപയോഗിക്കാനാവുന്നത്. ഇവരുടെ പാസ്‍പോര്‍ട്ട് പരിശോധിക്കുകയോ സീല്‍ പതിയ്ക്കുകയോ ചെയ്യില്ല. പകരം പുതിയ സ്മാര്‍ട്ട് ടണലിലൂടെ വെറുതെ നടന്നാല്‍ മതി. ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യാത്രക്കാരനെ തിരിച്ചറിഞ്ഞ് ഇക്കാര്യം കംപ്യൂട്ടര്‍ ശൃംഖലയില്‍ രേഖപ്പെടുത്തും. യാത്രക്കാരുടെ മുഖം തിരിച്ചറിയുന്ന അത്യാധുനിക സംവിധാനമാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. പരിശോധനയോ ഉദ്ദ്യോഗസ്ഥരുടെ സാന്നിദ്ധ്യമോ ആവശ്യമില്ലാത്ത ഈ സംവിധാനം ലോകത്ത് തന്നെ ആദ്യമായാണ് ഒരു വിമാനത്താവളത്തില്‍ സജ്ജീകരിക്കപ്പെടുന്നതെന്ന് അധികൃതര്‍ അവകാശപ്പെട്ടു.

ഇപ്പോള്‍ പരീക്ഷാണിടിസ്ഥാനത്തിലാണ് പദ്ധതി മുന്നോട്ട് പോകുന്നതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്‍മദ് അല്‍ മറി അറിയിച്ചു. ഇതിന് ശേഷം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്യും. ഏറ്റവും വേഗമേറിയ കൂടുതല്‍ സ്മാര്‍ട്ട് പ്രോജക്ടുകള്‍ പിന്നാലെ നടപ്പാക്കുമെന്നും ജി.ഡി.ആര്‍.എഫ്.എ ഡയറക്ടര്‍ അറിയിച്ചു.

കടപ്പാട്: ഖലീജ് ടൈംസ്