ഷാര്‍ജ: യാത്രാവിലക്കിനെ തുടര്‍ന്ന് 15 വര്‍ഷം ഗള്‍ഫില്‍ കഴിഞ്ഞ മൂസക്കുട്ടിക്ക് നാട്ടിലേക്ക് പോകാന്‍ വഴിയൊരുങ്ങി. വേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന് മൂസക്കുട്ടിയെ കണ്ട പ്രമുഖ വ്യവസായി എംഎ യൂസഫലി അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് എംഎ യൂസഫലി സഹായവുമായെത്തിയത്.

ഷാര്‍ജയിലെ ഒറ്റമുറിയില്‍ കഴിയുന്ന മൂസക്കുട്ടിയെ കാണാന്‍ യൂസഫലി നേരിട്ടെത്തുകയായിരുന്നു. സാമ്പത്തിക ഇടപാടുകള്‍തീര്‍ത്ത് ഉടന്‍ നാട്ടിലെത്തിക്കുമെന്ന് മൂസക്കുട്ടിക്ക് യൂസഫലി ഉറപ്പു നല്‍കിയിട്ടുണ്ട്. യൂസഫലിയുടെ അഭിഭാഷകനും അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ വിഎം അബ്ദുള്ളകുട്ടിയും മൂസക്കുട്ടിക്ക് വേണ്ടി പരാതിക്കാരനായ സ്വദേശിയുമായി തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്നും യൂസഫലി അറിയിച്ചു.

ചെക്ക് കേസില്‍ സ്വദേശി സ്പോണ്‍സര്‍ നല്‍കിയ പരാതിയില്‍ അഞ്ച് വര്‍ഷം മൂസക്കുട്ടി ജയിലില്‍ കഴിഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന് യാത്രാവിലക്ക് ഏർപ്പെടുത്തുകയായിരുന്നു. മൂന്നുകോടിരൂപ നല്‍കാതെ കേസ് പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു പരാതിക്കാരന്‍.

"

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ നിരവധി മലയാളി സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും കേസില്‍ ഇടപെട്ടെങ്കിലും കാശ് തന്നില്ലെങ്കില്‍ മൂസ ഗള്‍ഫില്‍ കിടന്ന് മരിക്കട്ടെയെന്ന നിലപാടിലായിരുന്നു പരാതിക്കാരന്‍. ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എംഎ സലീമും സംഘവും യൂസഫലിക്കൊപ്പം ഉണ്ടായിരുന്നു.