ജി.സി.സി രാജ്യങ്ങള്‍ക്കിടയിലെ യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടാണ് യുഎഇ അധികൃതരുടെ പുതിയ നീക്കം. 

അബുദാബി: ജിസിസി രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് വരുന്നവര്‍ക്ക് അതത് രാജ്യങ്ങളുടെ ഔദ്യോഗിക കൊവിഡ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ യുഎഇയില്‍ ഉപയോഗിക്കാം. യുഎഇ നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്‍മെന്റ് അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വാക്സിനേഷന്‍ വിവരങ്ങളും പിസിആര്‍ പരിശോധനയുടെ വിശദാംശങ്ങളും ഈ ആപ്ലിക്കേഷനുകളിലൂടെ യുഎഇയില്‍ പരിശോധനയ്‍ക്ക് വിധേയമാക്കിയാല്‍ മതിയാവും.

ജി.സി.സി രാജ്യങ്ങള്‍ക്കിടയിലെ യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടാണ് യുഎഇ അധികൃതരുടെ പുതിയ നീക്കം. യുഎഇയില്‍ ഗ്രീന്‍ പാസ് സംവിധാനം ഉപയോഗിക്കുന്ന ഏത് സ്ഥലങ്ങളിലും പ്രവേശിക്കാന്‍ മറ്റ് ജി.സി.സി രാജ്യങ്ങളിലെ സമാനമായ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം. അബുദാബിയില്‍ പൊതുസ്ഥലങ്ങളിലെ പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഇത് ബാധകമാണ്. അല്‍ ഹുസ്‍ന്‍‌ ആപ്ലിക്കേഷനിലെ ഗ്രീന്‍ സ്റ്റാറ്റസാണ് ഇതിനായി പരിഗണിക്കുന്നത്. വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു തവണ പിസിആര്‍ പരിശോധന നടത്തിയാല്‍ 30 ദിവസത്തേക്കാണ് ഗ്രീന്‍ സ്റ്റാറ്റ്സ് ലഭിക്കുക.