ഒമാൻ എയറിൽ യാത്ര ചെയ്യുന്ന ബിസിനസ് ക്ലാസ് യാത്രക്കാർക്കാണ് ഈ ഭക്ഷണ വിഭവം ആസ്വദിക്കാൻ അവസരം

മസ്കറ്റ്: ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ യാത്രക്കാർക്കുള്ള ഭക്ഷണ മെനുവിൽ പുതിയ ഭക്ഷണ വിഭവം കൂടി ഉൾപ്പെടുത്തുന്നു. ഒമാൻ എയറിൽ യാത്ര ചെയ്യുന്ന ബിസിനസ് ക്ലാസ് യാത്രക്കാർക്കാണ് ഈ ഭക്ഷണ വിഭവം ആസ്വദിക്കാൻ അവസരം. ഒമാനിലെ പച്ച പർവ്വതം എന്നറിയപ്പെടുന്ന അൽ ജബൽ അൽ അഖ്ദർ പർവ്വതത്തിന്റെ ചരിവുകളിൽ വളരുന്ന അമൂല്യമായ ഒമാനി റോക്ക് റോസ് ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു മധുര പലഹാരമാണ് പുതുതായി മെനു കാർഡിലേക്ക് ചേർത്തിരിക്കുന്നത്. ഒമാനിലെ പ്രശസ്ത കമ്പനിയായ അമോജുമായി കൈകോർത്തുകൊണ്ടാണ് ഒമാനി റോക്ക് റോസ് ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭക്ഷണം ഒമാൻ എയർ അവതരിപ്പിക്കുന്നത്. 

ഈ വിഭവത്തോടൊപ്പം റാസ്ബെറി, പിയർ, കുങ്കുമപ്പൂവ് എന്നിവ ചേർത്തുള്ള മറ്റൊരു വിഭവവും ലഭിക്കും. അമോജിന്റെ ഊദ് പെർഫ്യൂമിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഷെഫ് പീറ്റർ ​ഗാസ്റ്റ് ആണ് ഈ വിഭവം ഒരുക്കുന്നത്. ഏഴ് ഇതളുകളുള്ള പൂവിന്റെ രൂപത്തിലാണ് വിഭവം വിളമ്പുന്നത്. ചോക്ലേറ്റ് കൊണ്ട് ഉണ്ടാക്കിയ ഷെല്ലുകൾ ഉപയോ​ഗിച്ച് പിങ്ക് നിറത്തിലുള്ളതാണ് പുറം ഭാ​ഗം. ഓരോ ഇതളുകളും വെൽവെറ്റ് ക്രീം കൊണ്ടാണ് ഉണ്ടാക്കുന്നത്. ഈ മാസം മുതൽ ഒമാൻ എയറിൽ യാത്ര ചെയ്യുന്ന എല്ലാ ബിസിനസ് ക്ലാസ് യാത്രക്കാർക്കും ഈ ഡസർട്ട് ലഭ്യമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം