നാട്ടില്‍ വിലക്കയറ്റം ഉള്‍പ്പെടെയുള്ള ഗുരതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെങ്കിലും പ്രവാസികള്‍ക്ക് മികച്ച നേട്ടമാണ് ഇത് സമ്മാനിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മണി എക്സ്ചേഞ്ച് സെന്ററുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. 

മുംബൈ: ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഇന്ത്യന്‍ രൂപ ഇപ്പോള്‍ നേരിടുന്നത്. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ന് രാവിലെ 72.58 രൂപ എന്ന നിരക്കിലാണ് വ്യാപാരം തുടങ്ങിയ്ത്. പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗത്തില്‍ കൈക്കൊണ്ട തീരുമാനത്തെ തുടര്‍ന്ന് രൂപയുടെ മൂല്യം പൊടുന്നതെ ഡോളറിനെതിരെ 74 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 

നാട്ടില്‍ വിലക്കയറ്റം ഉള്‍പ്പെടെയുള്ള ഗുരതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെങ്കിലും പ്രവാസികള്‍ക്ക് മികച്ച നേട്ടമാണ് ഇത് സമ്മാനിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മണി എക്സ്ചേഞ്ച് സെന്ററുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. മാസാദ്യം ശമ്പള ദിവസങ്ങള്‍ കൂടി ആയതിനാല്‍ പണം അയക്കുന്നവരുടെ എണ്ണത്തില്‍ വരും ദിവസങ്ങളിലും വര്‍ദ്ധനവുണ്ടാകും. എന്നാല്‍ രൂപയുടെ മൂല്യം ഉയരുമെന്ന പ്രതീക്ഷയില്‍ പണം അയക്കാന്‍ അല്‍പ്പം കൂടി കാത്തിരിക്കാമെന്ന് കരുതുന്നവരും കുറച്ചല്ല.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും രൂപയുടെ മൂല്യം താഴേക്ക് പോകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. യുഎഇ ദിര്‍ഹത്തിന് 21 രൂപ വരെ ലഭിക്കുന്ന സ്ഥിതിവിശേഷം അധികം വൈകില്ലെന്നാണ് ഗള്‍ഫിലെ സാമ്പത്തിക വിദഗ്ദരുടെയും അഭിപ്രായം. അതേസമയം ഇത് മുതലാക്കാനായി ലോണെടുത്തും ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നും പണം നാട്ടിലേക്ക് അയക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന മുന്നറിയിപ്പുമുണ്ട്.

വിവിധ കറന്‍സികളുമായി ഇന്ത്യന്‍ രൂപയുടെ ഇപ്പോഴത്തെ വിനിമയ നിരക്ക് ഇങ്ങനെ
യു.എസ് ഡോളര്‍.......................73.90
യൂറോ..........................................84.99
യു.എ.ഇ ദിര്‍ഹം......................20.12
സൗദി റിയാല്‍........................... 19.70
ഖത്തര്‍ റിയാല്‍......................... 20.30
ഒമാന്‍ റിയാല്‍...........................192.20
കുവൈറ്റ് ദിനാര്‍........................243.30
ബഹറിന്‍ ദിനാര്‍.......................196.55