റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ചരക്കു ലോറികൾക്ക് സൗദിയിലൂടെ കടന്നുപോകാൻ അനുമതി. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ചരക്കു ലോറികളുടെ രാജ്യാതിർത്തി കടന്നുള്ള ഗതാഗതം പുനരാരംഭിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. 

മുഴുവൻ രാജ്യങ്ങളിൽ നിന്നുമുള്ള ചരക്ക് ലോറികളെ സൗദിയിലൂടെ ട്രാൻസിറ്റായി കടത്തിവിടാൻ അനുവദിച്ചതായി സൗദി കസ്റ്റംസാണ് അറിയിച്ചത്. രാജ്യത്തിൻറെ പ്രവേശന കവാടങ്ങളിൽ കൊവിഡ് വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികൾ ലഘൂകരിച്ചാണ് ചരക്കു ലോറികളെ ട്രാൻസിറ്റായി കടന്നുപോകാൻ അനുവദിച്ചത്.

രാജ്യത്ത് കൊവിഡ് വ്യാപന തോത് കുറഞ്ഞതും നിയന്ത്രണ വിധേയമായതും കണക്കിലെടുത്താണ് ചരക്ക് ലോറികൾക്ക് അനുമതി നൽകിയത്. സൗദിയിൽ പ്രവേശിക്കുന്ന ചരക്കു ലോറികളുടെ ഡ്രൈവർമാർക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടോയെന്ന് പ്രവേശന കവാടങ്ങളിൽവെച്ചു വിലയിരുത്തുക മാത്രമാണ് ചെയ്യുക.

എന്നാൽ സൗദിയിൽ നിന്നുള്ള ട്രക്ക് ഡ്രൈവർമാർക്ക് മറ്റു രാജ്യങ്ങൾ ബാധകമാകുന്ന ആരോഗ്യ മുൻകരുതൽ നടപടികൾ ആ രാജ്യങ്ങളിൽ നിന്നു സൗദിയിൽ പ്രവേശിക്കുന്ന ഡ്രൈവർമാർക്കു ബാധകമാക്കാൻ നിർദ്ദേശമുണ്ട്.