തുര്‍ക്കി തലസ്ഥാനമായ ഇസ്തംബൂളിലെ കഴിഞ്ഞ സൗദി എംബസിക്കുള്ളില്‍ ഒക്ടോബര്‍ രണ്ടിന് ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട സമയത്തെ സംഭവങ്ങളാണ് ഓഡിയോ ടേപ്പിലുള്ളതെന്നാണ് ട്രംപ് വ്യക്തമാക്കിയത്. തങ്ങളുടെ കൈവശം ആ ടേപ്പുണ്ട്. എന്നാല്‍ അത് കേള്‍ക്കണമെന്ന് തനിക്ക് തോന്നിയിട്ടില്ല. 

വാഷിങ്ടണ്‍: സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ സമയത്തെ ഓഡിയോ റെക്കോര്‍ഡിങ് കൈവശമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ഓഡിയോ ടേപ്പിലെ സംഭവങ്ങള്‍ ഭീകരമാണെന്നും എന്നാല്‍ താന്‍ അത് കേട്ടിട്ടില്ലെന്നും ട്രംപ് ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

തുര്‍ക്കി തലസ്ഥാനമായ ഇസ്തംബൂളിലെ കഴിഞ്ഞ സൗദി എംബസിക്കുള്ളില്‍ ഒക്ടോബര്‍ രണ്ടിന് ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട സമയത്തെ സംഭവങ്ങളാണ് ഓഡിയോ ടേപ്പിലുള്ളതെന്നാണ് ട്രംപ് വ്യക്തമാക്കിയത്. തങ്ങളുടെ കൈവശം ആ ടേപ്പുണ്ട്. എന്നാല്‍ അത് കേള്‍ക്കണമെന്ന് തനിക്ക് തോന്നിയിട്ടില്ല. കേള്‍ക്കാതെ തന്നെ അതിലുള്ള കാര്യങ്ങളും എന്താണ് നടന്നതെന്നത് സംബന്ധിച്ചും തനിക്ക് വിവരം കിട്ടിയിട്ടുണ്ട്. ഭീകരവും ക്രൂരവുമായ കാര്യങ്ങളാണ് അതിലുള്ളത് - ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു. 

ഖഷോഗിയെ കൊലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ ആരോപിച്ചിരുന്നു. എന്നാല്‍ കൊലപാതകത്തിന്റെ കാര്യത്തില്‍ തനിക്കൊരു പങ്കുമില്ലെന്ന് സൗദി കിരീടാവകാശി തന്നോട് അഞ്ച് തവണയെങ്കിലും പറഞ്ഞുവെന്നും അഭിമുഖത്തില്‍ ട്രംപ് പറയുന്നുണ്ട്.