ജിദ്ദ: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ ട്യൂഷന്‍ ഫീസ് 25 ശതമാനം വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറങ്ങിയതെങ്കിലും ഈ മാസം ആദ്യം മുതല്‍ ഫീസ് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. 

എല്‍കെജി മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 60.43 റിയാലും ആറു മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ 65.43 റിയാലും ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ 70.43 റിയാലുമാണ് വര്‍ദ്ധിക്കുന്നത്. നിലവില്‍ കെ.ജി ക്ലാസുകളില്‍ 252 റിയാലാണ് ഫീസ്. വാറ്റ് ഉള്‍പ്പെടെയുള്ള നിരക്കാണിത്. ഒന്നുമുതല്‍ അഞ്ചു വരെ ക്ലാസുകളില്‍ 278.25 റിയാലും ആറു മുതല്‍ എട്ട് വരെ ക്ലാസുകളില്‍ 315 റിയാലുമാണ് ഈടാക്കിയിരുന്നത്. ഒന്‍പത്, പത്ത് ക്ലാസുകളില്‍ ലാബ് ഫീസ് ഉള്‍പ്പെടെ 351.75 റിയാലും 11, 12 ക്ലാസുകളില്‍ ലാബ് ഫീസ് കൂടാതെ 340 റിയാലുമാണ് ഇതുവരെ ട്യൂഷന്‍ ഫീസായി ഈടാക്കിയിരുന്നത്.

അതേസമയം നാല് വര്‍ഷത്തിന് ശേഷമാണ് സ്കൂളില്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ഡോ. മുസഫര്‍ ഹസന്‍ അറിയിച്ചു. ഈ അധ്യയന വര്‍ഷാരംഭം മുതല്‍ ഫീസ് വര്‍ദ്ധനവ് നടപ്പാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നെങ്കിലും രക്ഷിതാക്കളുടെ സാമ്പത്തിക പ്രയാസം കൂടി കണക്കിലെടുത്ത് തീരുമാനം നടപ്പാക്കുന്നത് നീട്ടിവെച്ചു. ഫീസ് വര്‍ദ്ധനവില്ലാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു.