ദുബൈ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച രാത്രികാല സഞ്ചാര നിയന്ത്രണങ്ങള്‍ക്കിടെ ദുബൈയില്‍ മരിച്ചത് 12 ഡെലിവറി ഡ്രൈവര്‍മാരെന്ന് പൊലീസ്. മറ്റ് വാഹനങ്ങള്‍ നിരത്തുകളില്‍ ഇല്ലാതിരുന്ന സമയത്തെ അപകടങ്ങള്‍ അശ്രദ്ധയുടെയും ഡെലിവറി സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് മേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തിന്റെയും ഫലമാണെന്ന് ക്യാപ്റ്റന്‍ സാലിം അല്‍ അമീമി പറഞ്ഞു. ഞായറാഴ്ച റോഡ് സേഫ്റ്റി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൂടുതല്‍ വരുമാനമുണ്ടാക്കണമെന്ന ലക്ഷ്യത്തില്‍ കമ്പനികള്‍ ഓര്‍ഡറുകള്‍ വര്‍ധിക്കുമ്പോള്‍ ഡെലിവറി ജീവനക്കാരില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരമാവധി ഓര്‍ഡറുകള്‍ ഒരു തവണത്തെ ട്രിപ്പില്‍ കൊണ്ടുപോകാന്‍ ഡ്രൈവര്‍മാര്‍ നിര്‍ബന്ധിതരാകുന്നത് വാഹനമോടിക്കുമ്പോഴുള്ള ഇവരുടെ ദൂരക്കാഴ്ചയെ ബാധിക്കുന്നെന്നും ക്യാപ്റ്റന്‍ അല്‍ അമീമി കൂട്ടിച്ചേര്‍ത്തു.

ഇരുചക്ര വാഹനങ്ങളില്‍ വലിയ ബാഗുകള്‍ വെക്കുന്നത് അപകടങ്ങളിലേക്ക് നയിക്കുന്നു. പണത്തിന് വേണ്ടി സുരക്ഷ അവഗണിക്കുകയാണ്. ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ലൈസന്‍സ് ഏര്‍പ്പെടുത്തുന്നത് പരിഗണിക്കാന്‍ ഇത് പൊലീസിനെ പ്രേരിപ്പിക്കുകയാണെന്ന് ക്യാപ്റ്റന്‍ അല്‍ അമീമി പറഞ്ഞു. ലോക്ക്ഡൗണില്‍ രാത്രി കാലങ്ങളില്‍ മറ്റ് വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ഡെലിവറി വാഹനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഈ കാലയളവില്‍ ഉണ്ടായ അപകടങ്ങളിലാണ് 12 ഡെലിവറി ജീവനക്കാര്‍ മരിച്ചത്.