യമന്‍ വിമതരായ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പടെ 12 പേര്‍ക്ക് പരിക്ക്
റിയാദ്: ദക്ഷിണ സൗദിയിലെ അബഹ ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടിന്( Abha International Airport) ആളില്ലാ വിമാനം ഉപയോഗിച്ച് യമന്‍ വിമത സായുധ സംഘമായ ഹൂതികളുടെ(Houthi) ആക്രമണം. സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ എയര്‍പ്പോര്‍ട്ട് ലക്ഷ്യമാക്കിയെത്തിയ ഉടന്‍ അറബ് സഖ്യസേന വെടിവെച്ചിട്ടു. അതിന്റെ ചീളുകള്‍ പതിച്ച് വിവിധ രാജ്യക്കാരായ 12 പേര്‍ക്ക് പരിക്കേറ്റു.
എയര്‍പ്പോര്‍ട്ടിലെ തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റതില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. രണ്ടുപേര്‍ സൗദികളും നാലുപേര്‍ ബംഗ്ലാദേശികളും മൂന്നുപേര്‍ നേപ്പാളികളുമാണ്. ഓരോ ഫിലിപ്പീന്‍സ്, ശ്രീലങ്കന്‍ പൗരന്മാര്‍ക്കും പരിക്കേറ്റു. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് വിമാനത്താവളത്തിന്റെ മുന്‍ഭാഗത്തുള്ള ചില്ലുകള്‍ തകരുകയും ചെറിയ കേടുപാടുകളുണ്ടാവുകയും ചെയ്തിട്ടുണ്ട്. സുരക്ഷാനടപടികള്‍ സ്വീകരിച്ചതിന് ശേഷം വ്യോമഗതാഗതം പുനരാരംഭിച്ചു.
ജിദ്ദയിലെ കെട്ടിടം പൊളിക്കല്‍ റമദാനില്‍ നിര്‍ത്തിവെക്കും
റിയാദ്: റമദാന്‍ ( Ramadan)മാസമാകുമ്പോള്‍ ജിദ്ദയിലെ(Jeddah ) പഴയ ഡിസ്ട്രിക്റ്റുകളിലെ കെട്ടിടങ്ങള്‍ പൊളിക്കലും നീക്കം ചെയ്യലും താത്കാലികമായി നിര്‍ത്തിവെക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി. ജിദ്ദ മുനിസിപ്പാലിറ്റി വക്താവ് മുഹമ്മദ് അല്‍ബുഖ്മിയെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. റമദാന് ശേഷം മുന്‍കൂട്ടി നിശ്ചയിച്ച ഷെഡ്യൂള്‍ അനുസരിച്ച് ജോലികള്‍ പുനരാരംഭിക്കുമെന്നും വക്താവ് പറഞ്ഞു.
പ്രധാന നഗരങ്ങള്‍ വ്യവസ്ഥാപിതമാക്കുക, ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും മികച്ച ഡിസൈനുകളും ഒരുക്കുക, പൗരന്മാരുടെ സുരക്ഷയ്ക്ക് ഭീഷണിയായ ചില പ്രദേശങ്ങളില്‍ അനുഭവിക്കുന്ന പ്രതികൂല പ്രതിഭാസങ്ങളെ ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ചേരിപ്രദേശങ്ങള്‍ നീക്കം ചെയ്യുന്നത്. ജിദ്ദയിലെ പഴയ ഡിസ്ട്രിക്റ്റുകളുടെ എണ്ണം 60-ല്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. വിവിധ ഭാഗങ്ങളില്‍ നിന്നായി 50,000-ത്തിലധികം പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ ലക്ഷ്യമിടുന്നതായി മുനിസിപ്പാലിറ്റി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നിരവധി പഴയ കെട്ടിടങ്ങള്‍ ഇതിനകം പൊളിച്ചു മാറ്റിയിട്ടുണ്ട്.
ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പൊളിച്ചുമാറ്റുന്ന പ്രദേശത്തെ താമസക്കാരായ സ്വദേശി പൗരന്മാരെ സുരക്ഷിതമായ സ്ഥലങ്ങളില്‍ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ മുനിസിപ്പാലിറ്റിക്ക് കീഴില്‍ പുരോഗമിക്കുകയാണ്.
