ഷാര്‍ജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ സ്വദേശികളായ ഇരട്ട സഹോദരങ്ങള്‍ മരിച്ചു. സ്വൈഹാന്‍ - അല്‍ ഐന്‍ റോഡില്‍ ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍, ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചതെന്നും ഗുരുതരമായി പരിക്കേറ്റ ഇരുവരും അപകടത്തിന്റെ ആഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിശദമായ അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

18 വയസുള്ള സ്വദേശി യുവാക്കളാണ് മരിച്ചത്. കായിക താരങ്ങളായിരുന്ന ഇരുവരും മിലിട്ടറി കോളേജില്‍ അപേക്ഷ നല്‍കാനായി പോകുന്നതിനിടയിലായിരുന്നു അപകടമെന്ന് പിതാവ് പറഞ്ഞു. വൈകുന്നേരം 3.30ഓടെ മക്കളുടെ മരണ വിവരം അറിയിച്ചുകൊണ്ടുള്ള ടെലിഫോണ്‍ കോളാണ് തന്നെ തേടിയെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ബാധ കാരണം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കുറച്ച് പേര്‍ മാത്രമാണ് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തത്.