ദുബൈ: റസ്റ്റോറന്റില്‍ വെച്ച് പൊതുമര്യാദകള്‍ക്ക് നിരക്കാത്ത വിധത്തില്‍ നൃത്തം ചെയ്‍ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി. വീഡിയോ ചിത്രീകരിച്ച് അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത മറ്റൊരു യുവാവും പിടിയിലായി. ഇതോടൊപ്പം കൊവിഡ് സുരക്ഷാ നടപടികളില്‍ വീഴ്‍ച വരുത്തിയതിന്റെ പേരില്‍ റസ്റ്റോറന്റ് അടച്ചുപൂട്ടുകയും പിഴ ഈടാക്കുകയും ചെയ്‍തു.

യുവാവിന്റെ മാന്യമല്ലാത്ത തരത്തിലുള്ള വീഡിയോ വൈറലായതോടെയാണ് പൊലീസ് ഇയാള്‍ക്കെതിരെ നടപടിയെടുത്തതെന്ന് ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് പറഞ്ഞു. പൊലീസിന്റെ ക്രിമിനല്‍ ഡേറ്റാ അനാലിസിസ് സെന്ററാണ് വീഡിയോയിലുള്ള വ്യക്തിയെ തിരിച്ചറിഞ്ഞത്.

യുഎഇ ശിക്ഷാ നിയമം 358 വകുപ്പ് പ്രകാരം മാന്യമല്ലാത്ത പ്രവൃത്തികള്‍ പരസ്യമായി ചെയ്യുന്നത് ആറ് മാസം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകരമാണ്.  മാന്യത ലംഘിക്കുന്ന തരത്തിലുള്ള ഉള്ളടക്കം വെബ്സൈറ്റുകളിലൂടെയോ മറ്റോ പ്രചരിപ്പിക്കുന്നത് താത്കാലികമയ ജയില്‍ ശിക്ഷയ്ക്ക് പുറമെ അഞ്ച് ലക്ഷം ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.