മനാമ: സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്‍ത കുറ്റത്തിന് ബഹ്റൈനില്‍ രണ്ട് പേര്‍ അറസ്റ്റിലായി. പൊതുമര്യാദകള്‍ക്ക് നിരക്കാത്ത അശ്ലീല ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതാണ് ഇവര്‍ക്കെതിരെ നിയമനടപടിക്ക് വഴിവെച്ചത്.

അശ്ലീല പോസ്റ്റുകള്‍ ആന്റി സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റിന്റെ നിരീക്ഷണത്തില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. തുടര്‍ന്ന് ഈ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. അന്വേഷണത്തിനൊടുവില്‍ ഇരുവരെയും തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.