Asianet News MalayalamAsianet News Malayalam

ദുബായ് വിമാനത്താവളത്തില്‍ ലഗേജ് മോഷണം; രണ്ട് പേര്‍ പിടിയിലായി

പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ തന്നെ അറൈവല്‍ ഹാളില്‍ നിന്ന് ആരോ ലഗേജ് മോഷ്ടിക്കുന്നതാണെന്ന് അധികൃതര്‍ക്ക് വ്യക്തമായി. തുടര്‍ന്ന് എല്ലാ വിമാനങ്ങളിലും ആ സമയം വന്നിറങ്ങിയ ഇരുപതിനായിരത്തോളം യാത്രക്കാരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് ഇവരില്‍ നിന്ന് സംശയമുള്ള 10 പേരുടെ പട്ടിക തയ്യാറാക്കി. 

two arrested for stealing bags at Dubai airport
Author
Dubai - United Arab Emirates, First Published Jan 15, 2019, 7:14 PM IST

ദുബായ്: യാത്രക്കാരുടെ ലഗേജുകള്‍ മോഷ്ടിച്ച രണ്ട് പേരെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ പിടികൂടി. ലേഗേജുകള്‍ നഷ്ടപ്പെടുന്നുവെന്ന് യാത്രക്കാര്‍ പരാതിപ്പെടാന്‍ തുടങ്ങിയപ്പോള്‍, കള്ളനെ പിടിക്കാനായി 'ഇല്യൂഷന്‍ തീഫ്' എന്ന പേരില്‍ പ്രത്യക ഓപ്പറേഷന്‍ കസ്റ്റംസ് നടത്തുകയായിരുന്നു.

പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ തന്നെ അറൈവല്‍ ഹാളില്‍ നിന്ന് ആരോ ലഗേജ് മോഷ്ടിക്കുന്നതാണെന്ന് അധികൃതര്‍ക്ക് വ്യക്തമായി. തുടര്‍ന്ന് എല്ലാ വിമാനങ്ങളിലും ആ സമയം വന്നിറങ്ങിയ ഇരുപതിനായിരത്തോളം യാത്രക്കാരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് ഇവരില്‍ നിന്ന് സംശയമുള്ള 10 പേരുടെ പട്ടിക തയ്യാറാക്കി. ഇതില്‍ നിന്നാണ് അറബ് പൗരനായ ഒരാള്‍ ഒപ്പമുള്ള സ്ത്രീയുടെ സഹായത്തോടെ ലഗേജ് മോഷ്ടിക്കുകയാണെന്ന് ഏതാണ്ട് ഉറപ്പിച്ചത്. 

തുടര്‍ന്ന് ഇയാളുടെ വിവരങ്ങള്‍ തിരക്കുകയും യാത്രകളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. നിരന്തരം നിരീക്ഷിച്ചതില്‍ നിന്ന് ഇയാള്‍ അടുത്ത ദിവസം വീണ്ടും സ്ത്രീയോടൊപ്പം ദുബായ് വിമാനത്താവളത്തിലെത്തുന്നുണ്ടെന്ന് മനസിലാക്കി. ഈ ദിവസം ഉദ്ദ്യോഗസ്ഥര്‍ കാത്തിരുന്നു. ഇയാള്‍ വിമാനമിറങ്ങിയത് മുതല്‍ നിരീക്ഷണ ക്യാമറകള്‍ വഴി പിന്തുടര്‍ന്നു. രഹസ്യമായി ഉദ്യോഗസ്ഥരും നിരീക്ഷിച്ചു. ഏതാനും ബാഗുകള്‍ ഇയാള്‍ എടുക്കുന്നതും കസ്റ്റംസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി സ്റ്റിക്കറുകള്‍ ഇളക്കി മാറ്റുന്നതും ശ്രദ്ധയില്‍ പെട്ടു.

ലേഗേജുകളുടെ എക്സ്‍റേ പരിശോധനയ്ക്കിടെയിലും ഇയാള്‍ ബാഗുകളിലെ സ്റ്റിക്കര്‍ ഇളക്കി മാറ്റുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടു. സ്റ്റിക്കറുകളില്ലാത്ത മറ്റ് മൂന്ന് ബാഗുകളും ഇയാളുടെ കൈയിലുണ്ടായിരുന്നു. അറൈവല്‍ ഹാളിലെ കസേരയുടെ താഴെ മൂന്ന് സ്റ്റിക്കറുകള്‍ ഇയാള്‍ ഉപേക്ഷിച്ചതും കസ്റ്റംസ് ഓഫീസര്‍മാര്‍ കണ്ടെത്തി. ബാഗുകളില്‍ എന്താണുള്ളതെന്ന് ചോദിച്ചപ്പോള്‍ തുണികളാണെന്നായിരുന്നു മറുപടി. എന്നാല്‍ തുറന്ന് പരിശോധിച്ചപ്പോള്‍ പാക്ക് ചെയ്ത സമ്മാന പൊതികളായിരുന്നു ഉണ്ടായിരുന്നത്.

ബാഗിലെ ടാഗുകളില്‍ ഉണ്ടായിരുന്ന പേരും ഇയാളുടെ പാസ്‍പോര്‍ട്ടിലെ പേരും വ്യത്യസ്ഥമാണല്ലോയെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ തന്റെ ഭാര്യയുടെ ബാഗാണിതെന്ന് ഇയാള്‍ ആദ്യം പറഞ്ഞു. പിന്നീട് സുഹൃത്തിന്റെ ബാഗാണെന്ന് തിരുത്തി. ഇതേസമയം ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയേയും  ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇവരുടെ ഷൂസിനുള്ളില്‍ നിന്ന് ലഗേജ് സ്റ്റിക്കര്‍ കണ്ടെത്തി. ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍, ഒപ്പമുണ്ടായിരുന്നയാള്‍ പറഞ്ഞതനുസരിച്ച് താന്‍ ഇങ്ങനെ ചെയ്തതാണെന്നും കസ്റ്റംസ് ടാക്സ് വെട്ടിക്കാനാണെന്നാരുന്നു തന്നോട് പറഞ്ഞിരുന്നതെന്നും സ്ത്രീ പറ‍ഞ്ഞു. വീണ്ടും ചോദ്യം ചെയ്തപ്പോള്‍ ഇരുവരും ചേര്‍ന്നുള്ള പദ്ധതിപ്രകാരം ലഗേജുകള്‍ മോഷ്ടിക്കുകയായിരുന്നുവെന്ന് സമ്മതിച്ചു. ഇരുവരെയും തുടര്‍നടപടികള്‍ക്കായി ദുബായ് പൊലീസിന് കൈമാറി.

Follow Us:
Download App:
  • android
  • ios