അമ്മാന്‍: ജോര്‍ദ്ദാനില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് നഴ്‌സിനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടുപേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന വിഭാഗത്തിലേക്ക് പ്രവേശനാനുമതി നല്‍കാത്തതിനാണ് കരക് ഗവണ്‍മെന്റ് ആശുപത്രിയിലെ നഴ്‌സിനെ ആക്രമിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തിലുള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം ഊര്‍ജിതമാക്കി. അക്രമികള്‍ക്കെതിരെ ആശുപത്രി അധികൃതരും ആരോഗ്യ മന്ത്രാലയവും പൊലീസിലും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് ആശുപത്രി ഡയറക്ടര്‍ മുഅത്ത് അല്‍ മായ്ത പറഞ്ഞു. ഒരു മാസത്തിനിടെ ആശുപത്രിയിലെ നഴ്‌സിങ് സ്റ്റാഫിന് നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിതെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രി പരിസരത്ത് സ്ഥിരമായ സുരക്ഷാ പോയിന്റുകള്‍ സ്ഥാപിക്കണമെന്ന് നഴ്‌സിങ് സ്റ്റാഫും ആശുപത്രി അധികൃതരും ആവര്‍ത്തിച്ച് ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.