റിയാദ്: കുടുംബത്തെ തടഞ്ഞിനിര്‍ത്തി ആക്രമിച്ചെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ ദൃശ്യങ്ങളാണെന്ന് പൊലീസ് അറിയിച്ചു. ബുറൈദയില്‍ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ കുടുംബത്തെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നും ആയുധങ്ങള്‍ ചൂണ്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്നുവെന്നുമുള്ള സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിരുന്നു. ഇത് വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്.  രണ്ട് സ്വദേശികള്‍ ചേര്‍ന്ന് വ്യാജ വീഡിയോ ദൃശ്യങ്ങള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയുമായിരുന്നുവെന്ന് കണ്ടെത്തി. 30ഉം 50ഉം വയസുകാരായ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.