ഷാര്‍ജ: അല്‍ നഹ്‍ദ ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബസുകള്‍ക്ക് തീപിടിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. തൊഴിലാളികളെ കൊണ്ടുപോകാനായി ഉപയോഗിച്ചിരുന്ന ബസായിരുന്നു അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു.

രാവിലെ 8.24നാണ് അപകടം സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് മീഡിയ ആന്റ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മേജര്‍ ഹാനി അല്‍ ദമാനി അറയിച്ചു. നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന രണ്ട് ബസുകളില്‍ തീപിടിക്കുകയായിരുന്നു. സംഭവ സമയത്ത് ആരും ബസുകളില്‍ ഉണ്ടായിരുന്നില്ല. പരിസരത്തുള്ള മൂന്ന് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല.