റിയാദ്: സൗദിയിലെ ജിദ്ദയിലും തബൂക്കിലും വ്യാപാര സ്ഥാപനങ്ങളില്‍ തിപിടിത്തം. ഉത്തര ജിദ്ദയിലെ അല്‍സ്വഫ ഡിസ്ട്രിക്റ്റില്‍ തഹ്‍ലിയ സ്ട്രീറ്റിലെ ഒരുകടയിലും തബൂക്കിലെ രണ്ട് ഫര്‍ണിച്ചര്‍ കടകളിലും തീപിടിച്ചു. തഹ്‍ലിയ സ്ട്രീറ്റിലെ അല്‍ ഹറം സെന്ററിനകത്ത് മൂന്ന് നിലകളിലായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ രണ്ടാം നിലയിലുള്ള സ്പോര്‍ട്സ് കടയിലാണ് തീപിടിച്ചത്. 

ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടര്‍ന്നു പിടിക്കുന്നതിന് മുമ്പ് നിയന്ത്രണ വിധേയമാക്കി. സ്ഥാപനത്തിലെ ചില്ലുകള്‍ തകര്‍ത്താണ് സിവില്‍ ഡിഫന്‍സ് സംഘം അകത്ത് പ്രവേശിച്ചത്. ആര്‍ക്കും പരിക്കേറ്റില്ലെന്ന് മക്ക പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ഖര്‍നി അറിയിച്ചു.

തബൂക്ക് അല്‍ബഇലെ അല്‍ മദാഇന്‍ ഡിസ്ട്രിക്റ്റില്‍ രണ്ട് ഫര്‍ണിച്ചര്‍ കടകള്‍ക്കാണ് തീപിടിച്ചത്. സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ തീയണച്ചു. ഇവിടെയും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.