മനാമ: ബഹ്‌റൈനില്‍ കൊവിഡ് പോസിറ്റീവായ രണ്ടുപേരില്‍ നിന്ന് രോഗം പകര്‍ന്നത് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 45 പേര്‍ക്ക്. ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം ഇന്നലെ പുറത്തുവിട്ട പ്രതിവാര സമ്പര്‍ക്ക പരിശോധനാ റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്‍പ്പെടുത്തിയിട്ടുള്ളത്.

40കാരനായ ബഹ്‌റൈന്‍ സ്വദേശിക്ക് റാന്‍ഡം പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്ക പട്ടിക പരിശോധിച്ചപ്പോള്‍ അഞ്ച് വീടുകളിലെ 16 പേര്‍ക്കാണ് രോഗം പകര്‍ന്നതായി കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍, ഭാര്യ, മകള്‍, സഹോദരങ്ങള്‍ അവരുടെ കുടുംബം എന്നിങ്ങനെ നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിശദമായ പരിശോധനയില്‍ കുടുംബാംഗങ്ങളില്‍ നാലുപേരില്‍ നിന്ന് മറ്റ് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി കണ്ടെത്തി. ഇതോടെ ഈ ക്ലസ്റ്ററില്‍ ആകെ 23 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്.

അതേസമയം കൊവിഡ് ബാധിച്ച 32കാരനായ പ്രവാസി തൊഴിലാളിയില്‍ നിന്ന് 18 സഹതൊഴിലാളികള്‍ക്ക് രോഗം പകര്‍ന്നതായി സ്ഥിരീകരിച്ചു. ഇവരില്‍ രണ്ടുപേരില്‍ നിന്ന് മറ്റ് നാലുപേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തി. ഈ ക്ലസ്റ്ററില്‍ ആകെ 22 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്.