രണ്ട് രണ്ട് ദിവസമായി അതിഥികള്‍ കടലില്‍ ഇറങ്ങരുതെന്ന് ചില ഹോട്ടലുകള്‍ താമസക്കാരെ അറിയിച്ചിരുന്നു. മറ്റ് ചില സ്ഥാപനങ്ങളാവട്ടെ ബീച്ച് എന്‍ട്രികള്‍ പൂര്‍ണമായി അടച്ചിടുകയും ചെയ്‍തു.
അബുദാബി: അബുദാബിയിലെ ബീച്ചുകളില്‍ നീന്തുന്നതിനും കടലുകളില്‍ മറ്റ് ആക്ടിവിറ്റികള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചതായി ഹോട്ടലുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും അധികൃതരുടെ അറിയിപ്പ് ലഭിച്ചു. അബുദാബി തീരത്ത് പ്രത്യേക വിഭാഗത്തില്‍പെട്ട രണ്ട് തിമിംഗലങ്ങളുടെ സാന്നിദ്ധ്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മേയ് ഒന്‍പതിനാണ് അബുദാബി ടൂറിസം വകുപ്പ് ഹോട്ടലുകള്‍ക്കും മറ്റ് വിനോദ സഞ്ചാര സ്ഥാപനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
രണ്ട് രണ്ട് ദിവസമായി അതിഥികള്‍ കടലില്‍ ഇറങ്ങരുതെന്ന് ചില ഹോട്ടലുകള്‍ താമസക്കാരെ അറിയിച്ചിരുന്നു. മറ്റ് ചില സ്ഥാപനങ്ങളാവട്ടെ ബീച്ച് എന്‍ട്രികള്‍ പൂര്‍ണമായി അടച്ചിടുകയും ചെയ്‍തു. അതേസമയം അബുദാബി കള്‍ച്ചര്‍ ആന്റ് ടൂറിസം വകുപ്പ് അയച്ച പുതിയ ഇ-മെയില്‍ സന്ദേശ പ്രകാരം കര്‍ശനമായ നിബന്ധനകള്‍ക്ക് വിധേയമായി കടലില്‍ ഇറങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ബീച്ചുകളിലെ ലൈഫ് ഗാര്‍ഡുമാര്‍ തിമിംഗലങ്ങളുടെ സാന്നിദ്ധ്യം നിരീക്ഷിക്കണമെന്നും അവയെ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ ആളുകളോട് കടലില്‍ നിന്ന് മാറി സുരക്ഷിത സ്ഥാനങ്ങളിലേക്ക് കയറാന്‍ ആവശ്യപ്പെടുകയും വേണം. ഇതിന് പുറമെ തിമിംഗലങ്ങളുടെ സാന്നിദ്ധ്യം അധികൃതരെ അറിയിക്കുകയും വേണം. അബുദാബിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഒരുസംഘം ആളുകളാണ് രണ്ട് ദിവസം മുമ്പ് കില്ലര്‍ വെയില്‍സ് എന്ന് അറിയപ്പെടുന്ന തിമിംഗങ്ങളെ കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇത്തരം തിമിംഗലങ്ങള്‍ മനുഷ്യന് ഭീഷണി ഉയര്‍ത്താറില്ലെങ്കിലും അവയില്‍ നിന്ന് അകലം പാലിക്കണമെന്ന് അബുദാബി പരിസ്ഥിതി വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
Read also: കാറും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് പ്രവാസി മരിച്ചു; മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്
