ദുബായ്: ഹിജ്റ പുതുവര്‍ഷാരംഭം പ്രമാണിച്ച് ദുബായിലും അബുദാബിയിലും ഈയാഴ്ച രണ്ട് ദിവസം പാര്‍ക്കിങ് സൗജന്യമായിരിക്കും. ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റിയും അബുദാബി ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റുമാണ് ഇക്കാര്യം അറിയിച്ചത്.

സെപ്തംബര്‍ 13ന് ഹിജ്റ വര്‍ഷാരംഭമായതിനാല്‍ അന്ന് ദുബായില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കില്ല. അവധിക്ക് ശേഷം 15 മുതലായിരിക്കും പാര്‍ക്കിങിന് പണം നല്‍കേണ്ടത്. അബുദാബി ട്രാന്‍സ്പോര്‍ട്ട് വകുപ്പ്  ഇന്‍സ്റ്റഗ്രാമില്‍ പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരം സെപ്തംബര്‍ 13 വ്യാഴാഴ്ച മുതല്‍ സെപ്തംബര്‍ 15 ശനിയാഴ്ച രാവിലെ 7.59 വരെ പാര്‍ക്കിങ് സ്ഥലങ്ങള്‍ സൗജന്യമായി ഉപയോഗിക്കാം.

അതേസമയം പാര്‍ക്കിങ് നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തി ഗതാഗത തടസ്സം ഉണ്ടാക്കരുതെന്ന് അബുദാബി ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. അവധി ദിവസങ്ങളില്‍ ദുബായ് ആര്‍.ടി.എയുടെ ഉമ്മുല്‍ റമൂലിലെ കസ്റ്റമര്‍ ഹാപ്പിനെസ് സെന്റര്‍ ഒഴികെയുള്ള മറ്റ് സെന്ററുകളെല്ലാം അടച്ചിടും. ഉമ്മുല്‍ റമൂലിലെ കസ്റ്റമര്‍ ഹാപ്പിനെസ്  സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.