ദുബായ്: ശൈഖ് സായിദ് റോഡില്‍ ഞായറാഴ്ചയുണ്ടായ റോഡപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. 14 സീറ്റുകളുള്ള ബസാണ് അപകടത്തില്‍ പെട്ടതെന്ന് ദുബായ് പൊലീസ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‍റൂഇ പറഞ്ഞു.

ജബല്‍ അലിയിലേക്കുള്ള റോഡില്‍ അല്‍ മനാറ ബ്രിഡ്ജിന് സമീപമായിരുന്നു സംഭവം. രാവിലെ 8.30ഓടെയാണ് ബസ്, റോഡ് ഡിവൈഡറില്‍ ഇടിച്ചത്. തുടര്‍ന്ന് വാഹനത്തിന് തീപിടിച്ചു. ഇടിയുടെ ആഘാതത്തില്‍ വാഹനം മറിയുകയും ചെയ്തതായി അല്‍ മസ്റൂഇ പറഞ്ഞു. പൊലീസും രക്ഷാപ്രവര്‍ത്തകരുമടങ്ങുന്ന സംഘം ഉടന്‍തന്നെ സ്ഥലത്ത് കുതിച്ചെത്തി. ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. രണ്ട് പേരാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ 12 പേരെ ആശുപത്രിയിലേക്ക് മാറ്റി. 

അപകട കാരണം എന്താണെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഡിവൈഡറില്‍ ഇടിക്കുന്നതിന് മുമ്പ് ഡ്രൈവര്‍ പെട്ടെന്ന് തിരിക്കാന്‍ ശ്രമിച്ചതാണ് വാഹനം മറിയാനും തീപിടിക്കാനും കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.