ദുബായ്: ബര്‍ദുബായില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍ മന്‍ഖൂലില്‍ നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ മുഴുവന്‍ താമസക്കാരെയും പൊലീസ് ഒഴിപ്പിച്ചു.

ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. ഏഴ് നിലകളുള്ള കെട്ടിടത്തിലെ ആറാം നിലയിലുള്ള സ്റ്റുഡിയോ ഫ്ലാറ്റിലാണ് സ്ഫോടനമുണ്ടായത്. ഗ്യാസ് ചോര്‍ച്ചയല്ലെന്നും പൈപ്പ്‍ ലൈനിലെ തകരാര്‍ പരിഹരിക്കാനെത്തിയ രണ്ട് ജീവനക്കാര്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ വന്‍സ്‍ഫോടനമുണ്ടാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫ്ലാറ്റിന്റെ ഒരുവശത്തെ ഭിത്തി മുഴുവനായി തകര്‍ന്നുവീണു. സ്‍ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടത്തിന് മുഴുവന്‍ പ്രകമ്പനം അനുഭവപ്പെട്ടുവെന്ന് മറ്റ് ഫ്ലാറ്റുകളിലുണ്ടായിരുന്നവര്‍ പറഞ്ഞു. രണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇവരില്‍ ഒരാള്‍ മുംബൈ സ്വദേശിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെയും ഗ്യാസ് ടെക്നീഷ്യനേയും ദുബായ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ഥലത്തെത്തിയ പൊലീസ് സംഘം താമസക്കാരെ മുഴുവന്‍ ഒഴിപ്പിച്ചു. കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയിലാണ് തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ പതിച്ചത്. നൂറിലേറെ അപ്പാര്‍ട്ട്മെന്റുകള്‍ ഈ കോമ്പൗണ്ടിലുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ഇവര്‍ക്ക് തൊട്ടടുത്തുള്ള ഗോള്‍ഡന്‍ സാന്‍ഡ്സ് ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റില്‍ താമസ സൗകര്യമൊരുക്കി. സ്ഫോടന ശബ്ദം കേട്ടതോടെ പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് മനസിലായില്ലെന്നും മറ്റ് താമസക്കാര്‍ പറഞ്ഞു.