മസ്‌കറ്റ്: പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം ഊരുട്ടമ്പലം പെരുമാളൂര്‍ തോട്ടരികത്ത് ശിവാലയത്തില്‍ എസ് സുരേഷ് കുമാര്‍(39), തമിഴ്‌നാട് കന്യാകുമാരി സ്വദേശി സുനില്‍ കുമാര്‍ വര്‍ഗീസ്(37) എന്നിവരാണ് മരിച്ചത്.

ഡിസംബര്‍ മൂന്നിന് മുസന്ന വിലായത്തില്‍ വെച്ചാണ് വാഹനാപകടം ഉണ്ടായത്. മതിയായ താമസരേഖകളില്ലാതെ ഒമാനില്‍ താമസിച്ചിരുന്നവരായിരുന്നു ഇവര്‍. പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റര്‍ ചെയ്ത ഇവര്‍ക്ക് തൊഴില്‍ മന്ത്രാലയം പിഴ കൂടാതെ രാജ്യം വിടാനുള്ള അനുമതിയും നല്‍കിയിരുന്നു. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. റുസ്താഖ് ആശുപത്രിയിലെ മലയാളി ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ അപകടവിവരമറിയുന്നത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.