സൗദിയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് എത്യോപ്യൻ പൗരന്മാർ അറസ്റ്റിൽ. ഗിരിഡി ജില്ലയിലെ ദുധാപാനിയ ഗ്രാമ സ്വദേശിയായ വിജയ്, ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയിൽ ടവർ ലൈൻ ഫിറ്ററായി ജോലി ചെയ്തുവരികയായിരുന്നു.

റിയാദ്: പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇന്ത്യക്കാരൻ ജിദ്ദയിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് എത്യോപ്യൻ പൗരന്മാർ അറസ്റ്റിലായി. ജാർഖണ്ഡ് സ്വദേശി വിജയ് കുമാർ മഹതോ (27) ആണ് കൊല്ലപ്പെട്ടത്. ഗിരിഡി ജില്ലയിലെ ദുധാപാനിയ ഗ്രാമ സ്വദേശിയായ വിജയ്, ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയിൽ ടവർ ലൈൻ ഫിറ്ററായി ജോലി ചെയ്തുവരികയായിരുന്നു.

ഒക്ടോബർ 16നാണ് സംഭവം നടന്നത്. ജിദ്ദ ഗവർണറേറ്റിലെ ഒരു മലയോര മേഖലയിൽ വെച്ച് നിരോധിത വസ്തുക്കൾ വാങ്ങിയതിനെ ചൊല്ലിയുള്ള സാമ്പത്തിക തർക്കത്തെ തുടർന്ന് ഇവർ വിജയിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റതിനെ തുടർന്ന് പരിക്കേറ്റ ഇദ്ദേഹത്തെ ആവശ്യമായ വൈദ്യസഹായത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു. പ്രാഥമിക അന്വേഷണത്തിൽ അറസ്റ്റിലായ എത്യോപ്യൻ പൗരന്മാർ നിരോധിത വസ്തുക്കളും മയക്കുമരുന്നുകളും വിതരണം ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും തുടർ അന്വേഷണങ്ങൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ സ്ഥിരീകരിച്ചു.