25ഉം 26ഉം വയസായ രണ്ട് യുവതികളാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. പ്രതികള്‍ അവരുടെ സ്വന്തം രാജ്യത്തു നിന്ന് 24 വയസുകാരിയായ ഒരു യുവതിയെ ബഹ്റൈനില്‍ എത്തിച്ചു. ഒരു മസാജ് സെന്ററില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇവരെ കൊണ്ടുവന്നത്. 

മനാമ: ജോലി വാഗ്ദാനം ചെയ്‍ത് നാട്ടില്‍ നിന്നു കൊണ്ടുവന്ന യുവതിയെ മുറിയില്‍ പൂട്ടിയിടുകയും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് പ്രവാസി വനിതകള്‍ക്ക് പത്ത് വര്‍ഷം ജയില്‍ ശിക്ഷ. ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. മനുഷ്യക്കടത്തിനും, പെണ്‍കുട്ടിയെ തടങ്കലില്‍ വെച്ചതിനും വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിനും ഇവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിയില്‍‍ പറയുന്നു.

25ഉം 26ഉം വയസായ രണ്ട് യുവതികളാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. പ്രതികള്‍ അവരുടെ സ്വന്തം രാജ്യത്തു നിന്ന് 24 വയസുകാരിയായ ഒരു യുവതിയെ ബഹ്റൈനില്‍ എത്തിച്ചു. ഒരു മസാജ് സെന്ററില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇവരെ കൊണ്ടുവന്നത്. എന്നാല്‍ ബഹ്റൈനില്‍ എത്തിയ ഉടനെ മനാമയിലെ ഒരു ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ടു. ഇവിടെ വെച്ചാണ് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചത്. യുവതി വിസമ്മതിച്ചപ്പോള്‍ തടങ്കലില്‍ നിന്ന് മോചിപ്പിക്കണമെങ്കില്‍ 1800 ദിനാര്‍ നല്‍കണമെന്നായിരുന്നു ആവശ്യം. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു ഈ സംഭവങ്ങളെല്ലാം.

തങ്ങള്‍ക്ക് ചില പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്നും പൊലീസിന് പണം കൊടുത്തിട്ടുള്ളതിനാല്‍ പരാതി കൊടുത്താലും അവര്‍ നടപടിയൊന്നും എടുക്കില്ലെന്നുമൊക്കെ പ്രതികള്‍ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാല്‍ യുവതി രഹസ്യമായി ഇക്കാര്യം തന്റെ രാജ്യത്തിന്റെ എംബസി ഉദ്യോഗസ്ഥരെ അറിയിച്ചു. എംബസിയില്‍ നിന്ന് വിവരം ലഭിച്ചതനുസരിച്ച് ബഹ്റൈന്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് രണ്ട് സ്‍ത്രീകളും കുടുങ്ങിയത്. തടവില്‍ പാര്‍പ്പിച്ചിരുന്ന യുവതിയെ പൊലീസ് മോചിപ്പിച്ചു. പ്രതികള്‍ക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. പത്ത് വര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയായാല്‍ രണ്ട് പ്രതികളെയം ബഹ്റൈനില്‍ നിന്ന് നാടുകടത്തണമെന്നും വിധിയിലുണ്ട്.

Read also: സൗദി അറേബ്യയില്‍ തൊഴിവസരങ്ങള്‍; അപേക്ഷിക്കാനുള്ള അവസാന തീയ്യതി മാര്‍ച്ച് 11