കണ്ണൂര്‍: ദുബായിയില്‍ നിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ 182 പ്രവാസികളില്‍ രണ്ട് പേർക്ക് കൊവിഡ് രോഗലക്ഷണം.ഇവരെ അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലേക്ക് മാറ്റും. ദുബായിൽ നിന്നും 182 പേരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 7.20 നാണ് കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയത്. 109 പേർ കണ്ണൂർ സ്വദേശികളും 47 പേർ കാസർകോട് സ്വദേശികളുമാണ്.  കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലക്കാരാണ് ബാക്കിയുള്ളവർ. 

20 ഗർഭിണികളും അഞ്ച് കുട്ടികളും അടിയന്തര ചികിത്സ ആവശ്യമുള്ള 41 പേരും സംഘത്തിലുണ്ട്. ആരോഗ്യ വകുപ്പിന്‍റെ വിശദമായ സ്ക്രീനിംഗാണ് നടത്തുന്നത്. രോഗലക്ഷണമില്ലാത്തവരെ കെഎസ്‍ആർടിസി ബസുകളിൽ അതത് ജില്ലകളിലെ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്കും മാറ്റും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടവർക്ക് പോകാൻ പ്രത്യേക ടാക്സി സൗകര്യവും ഒരുക്കിയിട്ടുണ്ട്.