തിരുവനന്തപുരം: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ആദ്യ ദിനം കേരളത്തിലെത്തിയ രണ്ട് പ്രവാസികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേയ് ഏഴിന് അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും എത്തിയവരില്‍ ഓരോരുത്തര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത ക്രമാതീതമായി ഉയര്‍ന്നാല്‍ കൂടുതല്‍ ആശുപത്രികള്‍ അടക്കമുള്ള വിപുലമായ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കൂടുതല്‍ പ്രവാസികള്‍ക്ക് രോഗം സ്ഥിരീകരിച്ചേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.

തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കുന്നതിനായി എല്ലാ ജില്ലകളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതും ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതും ഇവരുടെ നേതൃത്വത്തിലാണ്. 207 സര്‍ക്കാര്‍ ആശുപത്രികളെ ചികിത്സയ്ക്കായി സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ 125 സ്വകാര്യ ആശുപത്രികളില്‍ കൂടി ചികിത്സാ സംവിധാനമൊരുക്കും. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചാല്‍ 27 ആശുപത്രികളെ സമ്പൂര്‍ണ കൊവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

വിമാനത്താവളങ്ങളില്‍ നിന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കുന്ന പ്രവാസികളെ കെഎസ്ആര്‍ടിസി ബസുകളില്‍ നിര്‍ണിത ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെത്തിക്കും. ഓരോ നിരീക്ഷണ കേന്ദ്രത്തിലും ഡോക്ടറുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഈ കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല. മേല്‍നോട്ടം വഹിക്കാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ലോകത്ത് എവിടെ കുടുങ്ങിയാലും കേരളീയരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നു. കേന്ദ്ര സര്‍ക്കാറുമായി നിരന്തര ആശയ വിനിമയം നടത്തുകയും ചെയ്യുന്നു. കൊണ്ടുവരുന്നവരുടെ മുന്‍ഗണനാ ക്രമം, കൊണ്ടുവരുന്നവരുടെ എണ്ണം, യാത്രാ സൌകര്യം, അതിനുള്ള ചിലവ് ഈടാക്കല്‍ തുടങ്ങിയവയെല്ലാം കേന്ദ്ര സര്‍ക്കാറാണ് സജ്ജമാക്കുന്നത്. മടങ്ങിയെത്തുന്നവര്‍ക്കുള്ള സൌകര്യമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.