സമുദ്രമാര്‍ഗം മയക്കുമരുന്ന് കടത്തുന്നതിനിടെ രണ്ട് വിദേശികള്‍ കുവൈത്ത് കോസ്റ്റ് ഗാര്‍ഡിന്റെ പിടിയിലായി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) മയക്കുമരുന്ന് കടത്തുന്നതിനിടെ (Drug smuggling) രണ്ട് പ്രവാസികള്‍ അറസ്റ്റിലായി (Two expats arrested). 20 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കുവൈത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ അനധികൃതമായി പ്രവേശിച്ച ബോട്ട് പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് മയക്കുമരുന്ന് കണ്ടെടുക്കുന്നതിലേക്ക് നയിച്ചത്.

റഡാറില്‍ ബോട്ട് ദൃശ്യമായതിന് പിന്നാലെ നേവല്‍ പട്രോള്‍ സംഘം ഇതിനെ പിന്തുടരുകയായിരുന്നു. രണ്ട് പ്രവാസികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ അറസ്റ്റ് ചെയ്‍ത സുരക്ഷാ സേന ബോട്ട് കസ്റ്റഡിയിലെടുത്തു. വിശദമായ പരിശോധനയില്‍ ഒരു പ്ലാസ്റ്റിക് കാനില്‍ ഒളിപ്പിച്ച 20 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് കണ്ടെത്തുകയായിരുന്നു. അറസ്റ്റിലായ രണ്ട് പേരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും അറിയിപ്പില്‍ പറയുന്നു.

32,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) ഈ വര്‍ഷം ഇതുവരെ 32,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ (Expatriate's driving licences) റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയവരുടെയും അനധികൃതമായും വ്യാജ രേഖകള്‍ നല്‍കിയും സമ്പാദിച്ച ലൈസന്‍സുകളുമാണ് ഈ വര്‍ഷം ഇതുവരെയുള്ള 10 മാസത്തിനുള്ളില്‍ റദ്ദാക്കിയത്. 

ഈ വര്‍ഷം ഇതുവരെ 2400 കുവൈത്ത് സ്വദേശികളുടെ ഡ്രൈവിങ് ലൈസന്‍സുകളും റദ്ദാക്കിയിട്ടുണ്ട്. സ്വദേശികളില്‍ മാനസിക രോഗമുള്ളവരുടെയും കാഴ്‍ച പരിശോധനയില്‍ പരാജയപ്പെട്ടവരുടെയും ലൈസന്‍സുകളാണ് റദ്ദാക്കിയത്. ഇവരില്‍ ഭൂരിപക്ഷവും പുരുഷന്മാരാണ്. മുന്‍ വര്‍ഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഒക്ടോബര്‍ അവസാനം വരെ അനുവദിച്ച പുതിയ ലൈസന്‍സുകളുടെ എണ്ണത്തില്‍ 43 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. 41,000 ഡ്രൈവിങ് ലൈസന്‍സുകളാണ് കുവൈത്തില്‍ ഈ വര്‍ഷം അനുവദിച്ചത്.

രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതും പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കിയതുമാണ് അനുവദിക്കുന്ന ലൈസന്‍സുകളുടെ എണ്ണം കുറയാന്‍ പ്രധാന കാരണം. വിവിധ മന്ത്രാലയങ്ങളിലെ വിവരങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് ഇപ്പോള്‍ ലൈസന്‍സ് അനുവദിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.