കുവൈത്തില്‍ താമസ സ്ഥലം കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യ നിര്‍മാണം നടത്തിയ രണ്ട് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്‍തു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) താമസ സ്ഥലം കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം നടത്തിയ രണ്ട് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്‍തു (Expatriates arrested). ഹവല്ലിയിലാണ് (Hawally) സംഭവം. വിവരം ലഭിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി റെയ്‍ഡ് നടത്തുകയായിരുന്നു. വന്‍ മദ്യശേഖരവും മദ്യ നിര്‍മാണത്തിന് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.

താമസ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് അസ്വഭാവികമായ ഗന്ധം അനുഭവപ്പെട്ടതാണ് സംശയത്തിനിടയാക്കിയത്. പൊലീസ് സംഘം റെയ്‍ഡിനായി സ്ഥലത്തെത്തുമ്പോള്‍ ഇരുവരും ഇവിടെ മദ്യ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. മേജര്‍ ജനറല്‍ ഫറാജ് അല്‍ സൌബിയുടെ നിര്‍ദേശപ്രകാരമായിരുന്നു പുലര്‍ച്ചെ പരിശോധന നടത്തിയത്. 

കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നതിന് താത്കാലിക വിലക്ക്
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ (Expats driving licence) പുതുക്കുന്നതിന് താത്കാലിക വിലക്കേര്‍പ്പെടുത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. ആവശ്യമായ നിബന്ധനകള്‍ പാലിക്കാതെ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയ പ്രവാസികളുടെ ലൈസന്‍സുകള്‍ റദ്ദാക്കാന്‍ (Cancelling licences) പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായാണ് നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവില്‍ നിബന്ധനകള്‍ പാലിക്കുന്നവര്‍ ഉള്‍പ്പെടെ പ്രവാസികളില്‍ ആര്‍ക്കും ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കാന്‍ സാധിക്കുന്നില്ല. ലൈസന്‍സ് പുതുക്കലിനുള്ള ഓട്ടോമേറ്റഡ് സംവിധാനത്തിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലൈസന്‍സുകള്‍ പുതുക്കാന്‍ സാധിക്കില്ലെന്ന് പ്രവാസികളില്‍ പലരും ചൂണ്ടിക്കാട്ടി. പ്രവാസികളുടെ കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ പുതുക്കുകയോ, നഷ്‍ടപ്പെട്ട് പോയ ലൈസന്‍സുകള്‍ പകരം അനുവദിക്കാനുള്ള അപേക്ഷ സ്വീകരിക്കുകയോ ചെയ്യരുതെന്ന് കാണിച്ച് പ്രത്യേക നിര്‍ദേശവും നല്‍കിയതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ലൈസന്‍സുകള്‍ പുതുക്കാനോ മറ്റ് ഇടപാടുകള്‍ക്കോ ഉള്ള അപേക്ഷകള്‍ ഇപ്പോള്‍ ട്രാഫിക് വകുപ്പ് സ്വീകരിക്കുന്നില്ല. കാലാവധി കഴിഞ്ഞ ലൈസന്‍സുമായി വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അപകടങ്ങളിലോ മറ്റോ പെടുകയാണെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരും. ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നവരുടെയും മറ്റ് ജീവനക്കാരുടെയും ലൈസന്‍സുകള്‍ പുതുക്കാന്‍ സാധിക്കാത്തതിനാല്‍ സ്വദേശികളെയും പുതിയ തീരുമാനം ബാധിച്ചിട്ടുണ്ട്. കാലാവധി കഴിഞ്ഞ ലൈസന്‍സുകളുമായി വാഹനം ഓടിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദേശവും ട്രാഫിക് പട്രോള്‍ സംഘങ്ങള്‍ക്ക് നല്‍കി. 

നിയമ വിരുദ്ധമായും ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവാസികള്‍ സ്വന്തമാക്കിയ ഡ്രൈവിങ് ലൈസന്‍സുകള്‍ ഡിസംബര്‍ 26 മുതല്‍ റദ്ദാക്കി തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ താമസകാര്യ, തൊഴില്‍ വിഭാഗങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള സംവിധാനവുമായി ബന്ധിപ്പിച്ചായിരിക്കും പരിശോധന. കുവൈത്തില്‍ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ശമ്പളവും തൊഴിലും ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.