മസ്‌കറ്റ്: മയക്കുമരുന്ന് കള്ളക്കടത്ത്, മോഷണം എന്നീ കുറ്റകൃത്യങ്ങളില്‍ രണ്ട് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍. വടക്കന്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസുമായി സഹകരിച്ച് ലഹരി നിയന്ത്രണ വിഭാഗവും ബന്ധപ്പെട്ട അധികൃതരും ചേര്‍ന്ന് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ പ്രവാസിയെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇയാളുടെ പക്കല്‍ നിന്നും 24 കിലോഗ്രാം ഹാഷിഷ് പിടിച്ചെടുത്തു. പ്രതിക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. അതേസമയം നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നും പണം മോഷ്ടിച്ചയാളെ നോര്‍ത്ത് അല്‍ ശര്‍ഖിയ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും വിലയേറിയ വസ്തുക്കളും പണവും നിര്‍ത്തിയിട്ട വാഹനത്തില്‍ ഉപേക്ഷിച്ച് പുറത്തേക്കിറങ്ങരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.