വ്യാജ ഡിറ്റര്‍ജന്റുകളുടെ 20 ലക്ഷം പാക്കറ്റുകളും 44 ലക്ഷം മാസ്‍കുകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തു.
റിയാദ്: വ്യാജ ഡിറ്റര്‍ജന്റുകളും നിലവാരം കുറഞ്ഞ മാസ്‍കുകളും വന്‍തോതില്‍ തയ്യാറാക്കി വില്‍പന നടത്തിയതിന് രണ്ട് പ്രവാസികള്‍ സൗദി അറേബ്യയില്‍ അറസ്റ്റിലായി. സൗദി വാണിജ്യ മന്ത്രാലയം അധികൃതരും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. വ്യാജ ഡിറ്റര്‍ജന്റുകളുടെ 20 ലക്ഷം പാക്കറ്റുകളും 44 ലക്ഷം മാസ്‍കുകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തു.
വ്യാജ ഉത്‍പന്നങ്ങള്‍ സംഭരിക്കുന്നതിനും അവ പാക്ക് ചെയ്‍ത് വില്‍പന നടത്തുന്നതിനുമായി ഒരു സിറയന്‍ സ്വദേശിയുടെയും മറ്റൊരു ഈജിപ്‍തുകാരന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സംഭരണ കേന്ദ്രത്തിലാണ് അധികൃതര്‍ റെയ്‍ഡ് നടത്തിയത്. പിടിയിലായ ഇരുവരെയും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ഒന്നര മാസത്തോളമായി അധികൃതര്‍ നടത്തിവന്ന അന്വേഷണമാണ് റെയ്ഡില്‍ കലാശിച്ചത്. നിയമവിരുദ്ധമായി രാജ്യത്ത് താമസിച്ചിരുന്ന തൊഴിലാളികളെയാണ് ഇവിടെ ജോലി ചെയ്യിപ്പിച്ചിരുന്നത്. പ്രമുഖ ഡിറ്റര്‍ജന്റ് ബ്രാന്‍ഡുകളുടേതിന് സമാനമായ പാക്കറ്റുകളില്‍ അതേ ലേബലോടെ വ്യാജ ഉത്‍പന്നങ്ങള്‍ നിറച്ച് വില്‍പന നടത്തിവരികയായിരുന്നു. ഉച്ചയ്‍ക്ക് ഒരു മണിക്ക് ആരംഭിച്ച റെയ്ഡ് പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു.
നിലവാരം കുറഞ്ഞതും വില്‍പനയ്‍ക്ക് തയ്യാറാക്കി വെച്ചിരുന്നതുമായ 44,30,000 മാസ്കുകളും ഇവിടെ നിന്ന് പിടിച്ചെടുത്തു. മാസ്‍ക് നിര്‍മാണത്തിനുപയോഗിക്കുന്ന തുണിയും ചരടും അടക്കമുള്ള സാധനങ്ങളും പാക്കിങ് സാമഗ്രികളും മറ്റ് മെഷീനുകളും അധികൃതര്‍ പിടിച്ചെടുത്തു.
