ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക് ഏരിയയിലായിരുന്നു സംഭവം. പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന  നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചെന്ന വിവരം ലഭിച്ച് ദുബൈ സിവില്‍ ഡിഫന്‍സ് സംഘം കുതിച്ചെത്തി തീ അണച്ചു. 

ദുബൈ: ദുബൈയില്‍ പാര്‍ക്കിങ് ലോട്ടില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകള്‍ക്ക് തീപിടിച്ച സംഭവത്തില്‍ രണ്ട് പ്രവാസികള്‍ ജയിലിലായി. ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട തൊഴിലുടമയോടുള്ള പക കാരണം അദ്ദേഹത്തിന്റെ വാഹനത്തിന് പ്രതികള്‍ തീയിടുകയായിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ പാര്‍ക്കിങ് ലോട്ടില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകളിലേക്ക് തീ പടര്‍ന്നുപിടിക്കുകയായിരുന്നു.

ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക് ഏരിയയിലായിരുന്നു സംഭവം. പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചെന്ന വിവരം ലഭിച്ച് ദുബൈ സിവില്‍ ഡിഫന്‍സ് സംഘം കുതിച്ചെത്തി തീ അണച്ചു. പിന്നീട് സ്ഥലം അന്വേഷണത്തിനായി പൊലീസിന് കൈമാറി. തെളിവുകള്‍ ശേഖരിച്ച് പരിശോധിച്ചപ്പോള്‍ ഒരു വാഹനത്തിന് ബോധപൂര്‍വം ആരോ തീയിട്ടതാണെന്ന് കണ്ടെത്തി. അന്വേഷണത്തില്‍ രണ്ട് പേരിലേക്കാണ് സംശയം നീണ്ടത്. 

ഇവരില്‍ ഒരാള്‍ കണ്ടെത്തി ചോദ്യം ചെയ്‍തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കത്തിനശിച്ച കാറുകളിലൊന്ന് ഇവര്‍ നേരത്തെ ജോലി ചെയ്‍തിരുന്ന സ്ഥാപനത്തിന്റെ ഉടമയുടേതായിരുന്നു. മദ്യവില്‍പനയും വിതരണവുമായി ബന്ധപ്പെട്ട രംഗത്ത് ജോലി ചെയ്‍തിരുന്ന ഇവരെ, ചില പ്രശ്നങ്ങളുടെ പേരില്‍ തൊഴിലുടമ പിരിച്ചുവിട്ടു. ഇതിന് പ്രതികാരമായി തൊഴിലുടമയുടെ കാര്‍ കത്തിക്കാന്‍ പ്രതികള്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനായി സ്ഥലത്തെത്തി കാത്തിരുന്നു. കാര്‍ പാര്‍ക്ക് ചെയ്‍ത് ഉടമ പുറത്തിറങ്ങി പോയതിന് പിന്നാലെ ഒരാള്‍ അടുത്തെത്തി ഗ്ലാസ് പൊട്ടിക്കുകയും സിഗിരറ്റ് കത്തിച്ച് കാറിനുള്ളിലേക്ക് എറിഞ്ഞ ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെടുകയുമായിരുന്നു. രണ്ട് പ്രതികളെയം പൊലീസ് അറസ്റ്റ് ചെയ്‍തു. ദുബൈ ക്രിമിനല്‍ കോടതിയില്‍ കഴിഞ്ഞ ദിവസം വിചാരണ പൂര്‍ത്തിയായപ്പോള്‍ രണ്ട് പേര്‍ക്കും ഒരു വര്‍ഷം വീതം ജയില്‍ ശിക്ഷയും 66,000 ദിര്‍ഹം പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിലുണ്ട്.

Read also:  യാത്രയ്ക്കിടെ ഹൈവേയില്‍ ഇറങ്ങി തിരിച്ചുകയറിയപ്പോള്‍ കുട്ടിയെ മറന്നുപോയി; അന്വേഷിച്ച് കണ്ടെത്തി പൊലീസ്