യാത്രയിലായിരുന്ന പെണ്‍കുട്ടിയുടെ കുടുംബം ദമ്മാം - റിയാദ് ഹൈവേയില്‍ ഒരിടത്ത് വാഹനം നിര്‍ത്തിയിരുന്നു. ഇവിടെ നിന്ന് തിരികെ വാഹനത്തില്‍ കയറി യാത്ര തുടര്‍ന്നപ്പോള്‍ പെണ്‍കുട്ടി വാഹനത്തില്‍ കയറിയില്ല.
റിയാദ്: സൗദി അറേബ്യയില്‍ യാത്രയ്ക്കിടെ വീട്ടുകാര്‍ മറന്നുപോയ പെണ്‍കുട്ടിയെ ഒടുവില്‍ പൊലീസ് കണ്ടെത്തി കുടുംബത്തിന് കൈമാറി. ഏതാനും ദിവസം മുമ്പ് ദമ്മാം - റിയാദ് ഹൈവേയില്‍ ആയിരുന്നു സംഭവം. സൗദി കിഴക്കന്‍ പ്രവിശ്യയിലെ റോഡ് സുരക്ഷാ സ്‍പെഷ്യല്‍ ഫോഴ്‍സാണ് കുട്ടിയെ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത്.
യാത്രയിലായിരുന്ന പെണ്‍കുട്ടിയുടെ കുടുംബം ദമ്മാം - റിയാദ് ഹൈവേയില്‍ ഒരിടത്ത് വാഹനം നിര്‍ത്തിയിരുന്നു. ഇവിടെ നിന്ന് തിരികെ വാഹനത്തില്‍ കയറി യാത്ര തുടര്‍ന്നപ്പോള്‍ പെണ്‍കുട്ടി വാഹനത്തില്‍ കയറിയില്ല. കുടുംബത്തിലെ മറ്റുള്ളവര്‍ ഇക്കാര്യം മറന്നുപോവുകയും ചെയ്‍തു. പിന്നീട് കുട്ടി ഒപ്പമില്ലെന്ന് മനസിലാക്കിയതോടെ ഇവര്‍ അധികൃതരുടെ സഹായം തേടുകയായിരുന്നു. തുടര്‍ന്നാണ് റോഡ് സുരക്ഷാ വിഭാഗത്തിന്റെ സ്‍പെഷ്യല്‍ ഫോഴ്‍സ് കുട്ടിയെ കണ്ടെത്തുന്നതിനായി തെരച്ചില്‍ തുടങ്ങിയത്. കുട്ടിയെ കണ്ടെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്നീടെ അവളെ മാതാപിതാക്കളുടെ അടുത്തെത്തിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായിരുന്നുവെന്നും സ്‍പെഷ്യല്‍ റോഡ് സെക്യൂരിറ്റി ഫോഴ്‍സസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
അതേസമയം സൗദി അറേബ്യയിലെ വിവിധ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവര്‍ ഗതാഗത നിയമങ്ങളും സുരക്ഷാ ചട്ടങ്ങളും കര്‍ശനമായി പാലിക്കണമെന്ന് റോഡ് സുരക്ഷാ വിഭാഗം അധികൃതര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് പലയിടങ്ങളിലും കാലാവസ്ഥ മോശമാവുക കൂടി ചെയ്യുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുതെന്നും അധികൃതര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read also: ഇന്ത്യക്കാര്‍ ഉള്‍പ്പടെ പതിനായിരം തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ കുവൈത്ത് റദ്ദാക്കുന്നു
