ഫുജൈറ: കിണര്‍ കുഴിയ്ക്കുകയും അനുമതിയില്ലാതെ കിണര്‍വെള്ളം വില്‍ക്കുകയും ചെയ്ത കുറ്റത്തിന് രണ്ട് പ്രവാസികള്‍ അറസ്റ്റിലായി. ഒരു കോണ്‍ട്രാക്ടിങ് കമ്പനിയുടെ മാനേജരും അയാളുടെ സുഹൃത്തുമാണ് പിടിയിലായത്. ഫുജൈറ കോടതിയില്‍ കഴിഞ്ഞ ദിവസം ഹാജരാക്കിയപ്പോള്‍ ഇരുവരും കുറ്റം നിഷേധിച്ചു.

തങ്ങള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ അടിസ്ഥാനമില്ലാത്തതും കെട്ടിച്ചമച്ചതുമാണെന്ന് ഇരുവരും കോടതിയില്‍ വാദിച്ചു. ആരോപണങ്ങള്‍ക്ക് തെളിവുകളില്ലെന്നും പ്രതികളിലൊരാള്‍ കോടതിയില്‍ നിലപാടെടുത്തു. അനധികൃതമായി സ്ഥാപനത്തിനെതിരെ ചുമത്തിയ പിഴയ്ക്കെതിരെ താന്‍ നിയമപരമായി നീങ്ങിയതാണ് തനിക്കെതിരെ ഇത്തരമൊരു കേസുണ്ടാകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ സാക്ഷികളെക്കൂടി വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.