യുഎഇക്ക് പുറത്തുള്ള ഒരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചാണ് ഇരുവരും ലഹരി പദാര്‍ത്ഥങ്ങള്‍ വരുത്തിയത്. ഒരാള്‍ 2000 ദിര്‍ഹവും രണ്ടാമന്‍ 900 ദിര്‍ഹവുമാണ് ലഹരി കടത്തുകാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. 

അബുദാബി: മയക്കുമരുന്നായ ഹെറോയിന്‍ വാങ്ങാന്‍ പണം ട്രാന്‍സ്‍ഫര്‍ ചെയ്‍തു കൊടുത്തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎഇയില്‍ രണ്ട് വിദേശികള്‍ക്ക് ശിക്ഷ. ഗള്‍ഫ് പൗരന്മാരായ ഇരുവര്‍ക്കും 10,000 ദിര്‍ഹം വീതം പിഴയും ഒപ്പം രണ്ട് വര്‍ഷത്തേക്ക് ബാങ്കിങ് ഇടപാടുകള്‍ക്ക് വിലക്കുമാണ് കോടതി വിധിച്ചത്. ഇക്കാലയളവില്‍ യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ അനുമതിയില്ലാതെ ഇവര്‍ക്ക് ബാങ്കിങ് ഇടപാടുകള്‍ നടത്താനാവില്ല. 

ഇരുവരും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. യുഎഇക്ക് പുറത്തുള്ള ഒരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചാണ് ഇരുവരും ലഹരി പദാര്‍ത്ഥങ്ങള്‍ വരുത്തിയത്. ഒരാള്‍ 2000 ദിര്‍ഹവും രണ്ടാമന്‍ 900 ദിര്‍ഹവുമാണ് ലഹരി കടത്തുകാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. പണം കിട്ടിയ ശേഷം ഇയാള്‍ ലഹരി വസ്‍തുക്കള്‍ ഒളിപ്പിച്ചു വെച്ചിരുന്ന സ്ഥലങ്ങളുടെ ലൊക്കേഷന്‍ വാട്സ്ആപില്‍ അയച്ചുകൊടുത്തു. മരുഭൂമിയില്‍ കുഴിച്ചിട്ടിരുന്ന ലഹരി വസ്‍തുക്കളുടെ ലൊക്കേഷന്‍ മനസിലാക്കി അവിടെയെത്തി അവ കൈപ്പറ്റുകയായിരുന്നു.

ഒരു പ്ലാസ്റ്റിക് കവറില്‍ ഹെറോയിനുമായാണ് പ്രതികളിലൊരാള്‍ പൊലീസിന്റെ പിടിയിലായത്. രണ്ടാമന്റെ കൈവശം രണ്ട് കവറുകളില്‍ ഹെറോയിനുണ്ടായിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്‍ത് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സിന് കൈമാറി. ശാസ്‍ത്രീയ പരിശോധനയില്‍ ഇവര്‍ രണ്ട് പേരും ലഹരി വസ്‍തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്നാണ് കേസ് കോടതിയിലെത്തിയതും ശിക്ഷ വിധിച്ചതും.

Read also: പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശം