ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോരിറ്റിയുമായി ചേര്‍ന്ന് നിയമലംഘകര്‍ക്കെതിരായ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണ്. പിടിയിലായവരെ ഇതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

മനാമ: ബഹ്റൈനില്‍ സ്‍പോണ്‍സറുടെ അടുത്തുനിന്ന് ഒളിച്ചോടിയ വീട്ടുജോലിക്കാരികളെ സഹായിച്ച സ്‍ത്രീയും പുരുഷനും അറസ്റ്റിലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇങ്ങനെ ഒളിച്ചോടിയെത്തിയ ഏഴ് വീട്ടുജോലിക്കാരികളെയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സിലെ മനുഷ്യക്കടത്ത് തടയുന്നതിനുള്ള പ്രത്യേക വിഭാഗം അറസ്റ്റ് ചെയ്‍തു.

ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോരിറ്റിയുമായി ചേര്‍ന്ന് നിയമലംഘകര്‍ക്കെതിരായ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണ്. പിടിയിലായവരെ ഇതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സ്വദേശി വനിതകള്‍ ഉള്‍പ്പെടെ മുപ്പതോളം പേരെ മനുഷ്യക്കടത്ത് സംശയിച്ച് ബഹ്റൈന്‍ അധികൃതര്‍ പിടികൂടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. സ്‍പോണ്‍സര്‍മാരുടെ വീടുകളില്‍ നിന്ന് ഒളിച്ചോടുന്ന വീട്ടുജോലിക്കാരെ ചില ക്ലീനിങ് കമ്പനികളുടെ മറവില്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ വീടുകളില്‍ ജോലിക്ക് വിടുന്നതായാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ടവരെയും അധികൃതര്‍ അറസ്റ്റ് ചെയ്‍തു.