റിയാദ്: കൊലപാതകക്കേസില്‍ കുറ്റക്കാരായ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി. ഇന്ത്യക്കാരനായ ഇമാമുദ്ദീന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ഹോഷിയാപുര്‍ സ്വദേശി സത്വീന്ദര്‍ കുമാര്‍, ലുധിയാന സ്വദേശി ഹര്‍ജീത് സിങ് എന്നിവരുടെ വധശിക്ഷ ഫെബ്രുവരി 28ന് നടപ്പാക്കിയത്.

ശിക്ഷ നടപ്പാക്കിയ വിവരം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മോഷ്ടിച്ച പണം പങ്കുവെക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് ഇമാമുദ്ദീന്റെ കൊലപാതകം നടന്നത്. 2015 ഡിസംബര്‍ ഒമ്പതിനാണ് ഇരുവരും പിടിയിലാകുന്നത്. പിന്നീട് വിചാരണക്കായി റിയാദ് ജയിലിലേക്ക് മാറ്റി. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് സൗദി അധികൃതര്‍ വിവരം അറിയിച്ചിരുന്നില്ലെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

മദ്യപിച്ച് വഴക്കുണ്ടാക്കിയതിനാണ് ഇരുവരും പിടിയിലായത് ആ കേസില്‍ ഇവരെ നാടുകടത്താനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതിനിടെയാണ് ഇവര്‍ക്കെതിരായ കൊലപാതകക്കേസ് കൂടി കണ്ടെത്തിയത്.വിചാരണയ്ക്കായി ഇവരെ പിന്നീട് റിയാദ് ജയിലിലേക്ക് മാറ്റി. ശിക്ഷ ഒഴിവാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സത്വീന്ദര്‍ കുമാറിന്‍റെ ഭാര്യ വിദേശ കാര്യ മന്ത്രാലയത്തിന് കത്തെഴുതിയപ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയുന്നത്. 2017 മേയ് 31ന് നടന്ന വിചാരണയില്‍ എംബസി ഉദ്യോഗസ്ഥനും പങ്കെടുത്തിരുന്നു. പിന്നീട് കേസ് അപ്പീല്‍ കോടതിക്ക് കൈമാറി. ഹൈവേയില്‍ മോഷണം നടത്തിയെന്ന മറ്റൊരു കേസ് കൂടി ഇവര്‍ക്കെതിരെ ചുമത്തുകയും ചെയ്തു.

വിചാരണയുടെ വിശദാംശങ്ങള്‍ തിരക്കി എംബസി അധികൃതര്‍ അടുത്തിടെ ജയില്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇരുവരെയും ഫെബ്രുവരി 28ന് വധശിക്ഷയ്ക്ക് വിധേയമാക്കിയ വിവരം അറിഞ്ഞത്. വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് സൗദി അധികൃതര്‍ ഇക്കാര്യം ഇന്ത്യന്‍ എംബസിയെ അറിയിച്ചിരുന്നില്ല. മൃതദേഹം വിട്ടുകിട്ടിണമെന്നാവശ്യപ്പെട്ട് എംബസി അധികൃതര്‍ സൗദി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചുവെങ്കിലും സൗദി നിയമമനുസരിച്ച് മൃതദേഹം വിട്ടുനല്‍കില്ലെന്നും വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലര്‍  ഡയറക്ടര്‍ പ്രകാശ് ചന്ദ് വ്യക്തമാക്കുന്നു.